കോഴിക്കോട്: അനധികൃത കെട്ടിടങ്ങൾക്ക് അനുമതിനൽകിയ സംഭവത്തിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കി എന്നാരോപിച്ച് കോഴിക്കോട് കോർപറേഷനിലെ ജീവനക്കാർ ഒന്നടങ്കം പ്രതിഷേധിച്ചതോടെ തിങ്കളാഴ്ച ഉച്ചവരെ ഓഫിസ് പ്രവർത്തനം സ്തംഭിച്ചു. ഭരണ-പ്രതിപക്ഷ സർവിസ് സംഘടനകൾ ഒരുമിച്ച് രംഗത്തുവന്നതോടെ കോർപറേഷൻ ഭരണസമിതിയും പ്രതിരോധത്തിലായി. എല്ലാ ജീവനക്കാരും ഒത്തുചേർന്നാണ് ഓഫിസ് മുറ്റത്ത് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്. സസ്പെൻഡ് ചെയ്യപ്പെട്ടവരടക്കം സമരത്തിൽ പങ്കെടുത്തു. നടപടി നേരിട്ട ഉദ്യോഗസ്ഥർക്ക് രാഷ്ട്രീയഭേദമെന്യേ പൂർണ പിന്തുണ പ്രഖ്യാപിച്ചാണ് പ്രതിഷേധസമരം പിരിഞ്ഞത്. ഉദ്യോഗസ്ഥരുടെ ലോഗിനും പാസ്വേഡും ചോർത്തി നടത്തിയ ക്രമക്കേടിന് പിന്നിൽ ആരാണെന്ന് സമഗ്രമായി അന്വേഷിക്കണമെന്നും ചില ജീവനക്കാരെ ബലിയാടാക്കി ഭരണസമിതി മുഖം രക്ഷിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ബാഹ്യശക്തികളെയും ഏജന്‍റുമാരെയും കണ്ടെത്തണം. സെക്രട്ടറിയുടെ ഭീഷണിക്ക് മുന്നിൽ വഴങ്ങില്ല. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ നടപടി നേരിട്ട ജീവനക്കാർ കുടുംബസമേതം സെക്രട്ടറിയുടെ വീടിനുമുന്നിൽ കുടിൽകെട്ടി സമരം ആരംഭിക്കുമെന്നും സെക്രട്ടറി മാറിനിന്നാണ് അന്വേഷണം നടത്തേണ്ടതെന്നും പ്രതിഷേധക്കാർ പറഞ്ഞു. പ്രതിഷേധസമരത്തിൽ കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എൻ. ശരത്കുമാർ അധ്യക്ഷത വഹിച്ചു. കേരള മുനിസിപ്പൽ ആൻഡ് കോർപറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ല പ്രസിഡന്‍റ് ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി.കെ. ജിനീഷ്, സി.കെ. രജിത്ത്കുമാർ, ഷീബ, നടപടി നേരിട്ട കെ.കെ. സുരേഷ്, എൻ.പി. മുസ്തഫ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.