കളരിക്കണ്ടിയിൽ അപ്രതീക്ഷിത ഇടിമിന്നലിൽ വീടിന്റെ ചുമർ തകർന്ന നിലയിൽ
അപ്രതീക്ഷിത ഇടിമിന്നലിൽ വ്യാപക നാശനഷ്ടം; ഒരാൾക്ക് പരിക്ക്
കുന്ദമംഗലം: അപ്രതീക്ഷിത ഇടിമിന്നലിൽ വ്യാപക നാശനഷ്ടം. കളരിക്കണ്ടിയിൽ ഒരാൾക്ക് പരിക്കേൽക്കുകയും വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെയാണ് കുന്ദമംഗലത്ത് വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും ഉണ്ടായത്. വീടിന്റെ അടുക്കളയിൽ പാൽ പാത്രം എടുക്കാൻ പോയസമയം ചെറുപൈക്കാട്ട് ഗീത (60)ക്ക് മുഖത്ത് പരിക്കേറ്റു. വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ബോർഡ് കത്തി തെറിച്ച് അതിന്റെ ഭാഗങ്ങൾ മുഖത്തേക്ക് പതിച്ചാണ് പരിക്കേറ്റത്.
കളരിക്കണ്ടി ഒഴിയിൽ ഭാഗത്ത് ചേനോത്ത് സജീവന്റേത് ഉൾപ്പെടെ നാലോളം വീടുകൾക്ക് കേടുപാടുകൾ പറ്റിയിട്ടുണ്ട്. വീടിന്റെ ചുമർ തകർന്നുപോയി. ഇടിമിന്നലിന്റെ ആഘാതത്തിൽ ഭൂമി കുഴിഞ്ഞുപോയതായി പ്രദേശവാസികൾ പറഞ്ഞു. വീടുകളിലെ വയറിങ് കത്തി നശിക്കുകയും മോട്ടോർ കത്തിപ്പോകുകയും ചെയ്തു. മെയിൻ സ്വിച്ച് ബോർഡുകളും കത്തിനശിച്ചു. ഫാൻ, ലൈറ്റുകൾ തുടങ്ങിയവ കേടായി. കെ.എസ്.ഇ.ബി അധികൃതർ എത്തി വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു.
വൈദ്യുതി വന്നാൽ മാത്രമേ കൂടുതൽ ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്നറിയാൻ കഴിയുകയുള്ളു എന്ന് വീട്ടുകാർ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സംജിത്ത്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി.കെ. ഹിതേഷ് കുമാർ എന്നിവർ വീടുകൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.