വിലങ്ങാട് അടുപ്പിൽ കോളനിവാസികളെ പുനരധിവസിപ്പിക്കാൻ നിർമിക്കുന്ന വീട് പാതിവഴിയിലായ നിലയിൽ
നാദാപുരം: 2019ലെ വിലങ്ങാട് ആലിമൂല ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ച അടുപ്പിൽ കോളനിവാസികളുടെ പുനരധിവാസം പൂർത്തിയായില്ല. 23 കുടുംബങ്ങളുടെ താമസം ഇപ്പോഴും, ദുരന്തഭീഷണിയിലെന്ന് ജില്ല ഭരണകൂടം സ്ഥിരീകരിച്ച അടുപ്പിൽ കോളനിയിൽതന്നെ. സർക്കാർ എജൻസികളുടെ നിർമാണ സഹായം നിരസിച്ച് ബി.ജെ.പി നിയന്ത്രണത്തിലുള്ള നിർമാണ കരാർ സംഘത്തിലൂടെ വീട് നിർമാണത്തിന് സഹകരിച്ച 23 കുടുംബങ്ങളാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്.
അടുപ്പിൽ കോളനിയിലെ 69 കുടുംബങ്ങളെയാണ് 2019ലെ ഒന്നാം വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് ജില്ല ഭരണകൂടം മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചത്. ഇതിനായി തൊട്ടടുത്തുതന്നെ സ്ഥലം കണ്ടെത്തുകയും ഭൂമിക്കും വീട് നിർമാണത്തിനുമായി 10 ലക്ഷം രൂപ വീതം അനുവദിക്കുകയും ചെയ്തു. ഊരാളുങ്കൽ സൊസൈറ്റിയാണ് നിർമാണ കരാർ ഏറ്റെടുത്തത്. ബാഹ്യസമ്മർദത്തിന് വഴങ്ങി 23 കുടുംബങ്ങൾ ഊരാളുങ്കലുമായുള്ള കരാറിന് തയാറായില്ല. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബി.ജെ.പി അനുകൂല സൊസൈറ്റി നിർമാണ പ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. ഇവർ ഏറ്റെടുത്ത വീടുകളുടെ കോൺക്രീറ്റ് വരെ മാത്രമാണ് പൂർത്തിയായത്. വയറിങ്, പ്ലംബിങ്, പ്ലാസ്റ്ററിങ് തുടങ്ങിയ പ്രവൃത്തി മുഴുവൻ ബാക്കിയാണ്.
ഒന്നര വർഷത്തോളമായി പാതിവഴിയിൽ നിലച്ച നിർമാണം കാരണം പരിസരം മുഴുവൻ കാടുമൂടിക്കിടപ്പിലാണ്. സർക്കാർ സംവിധാനത്തിൽ വീട് നിർമാണം ആരംഭിച്ച ഉടനെ പ്ലാനിന്റെ അശാസ്ത്രീയതയും നിർമാണച്ചെലവും ചൂണ്ടിക്കാട്ടി ബി.ജെ.പി നേതൃത്വത്തിൽ സ്ഥലത്ത് പ്രതിഷേധ സമരങ്ങൾ അരങ്ങേറിയിരുന്നു.
ഈ ഘട്ടത്തിലാണ് ഏതാനും കുടുംബങ്ങൾ ഇവർക്ക് നിർമാണച്ചുമതല നൽകിയുള്ള സമ്മതപത്രം നൽകിയത്. കഴിഞ്ഞ വർഷത്തെ വിലങ്ങാട് ഉരുൾപൊട്ടൽ കാലത്ത് അടുപ്പിൽ കോളനിയിൽ താമസിച്ചിരുന്ന, വീട് നിർമാണം പൂർത്തിയായ 46 കുടുംബങ്ങളെയും പുതിയ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ച് വീട് കൈമാറിയിരുന്നു. എന്നാൽ, ട്രൈബൽ വകുപ്പിൽനിന്ന് ലഭിക്കാനുള്ള പണം അനുവദിക്കാത്തതാണ് നിർമാണം വൈകുന്നതിന് കാരണമെന്നാണ് നിർമാണം ഏറ്റെടുത്തവർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.