നാദാപുരം: മകനെ കാണാനില്ലെന്ന പരാതി അന്വേഷിച്ച പൊലീസ് സംഘം എത്തിപ്പെട്ടത് സ്വർണക്കടത്ത് സംഘത്തിലേക്ക്. കാണാതായവരെ മലപ്പുറം വേങ്ങരയിൽ നിന്നും പൊലീസ് കണ്ടെത്തി. മുതുവടത്തൂർ സ്വദേശി കാട്ടിൽ മുഹമ്മദ് ഷഫീഖ്, കക്കം വെള്ളി സ്വദേശി പുതിയോട്ടിൽ റാഷിദ് എന്നിവരെയാണ് മലപ്പുറത്തെ ക്വട്ടേഷൻ സംഘത്തിൽ നിന്ന് നാദാപുരം പൊലീസ് രക്ഷിച്ചത്. മുതുവടത്തൂർ കാട്ടിൽ മുഹമ്മദ്ഷഫീഖി(25)നെ കാണാനില്ലെന്ന് തിങ്കളാഴ്ചയാണ് മാതാവ്നാദാപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്.
പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കാണാതായതിന് പിറകിലെ ചുരുളഴിയുന്നത്. മലപ്പുറം സ്വദേശി അമീൻ ജനുവരി മാസം ഷഫീഖ് വശം വിദേശത്തു നിന്നും സ്വർണം കൊടുത്തയച്ചിരുന്നു. നാട്ടിൽ എത്തിയ ഇയാൾ സ്വർണവുമായി മുങ്ങുകയായിരുന്നു.ഇതേത്തുടർന്ന് സ്വർണം വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അമീനിന്റെ സംഘമാണ് ഇയാളെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു.
ഇയാളെ തേടി ചൊവ്വാഴ്ച പൊലീസ് സംഘം ഇവരുടെ കേന്ദ്രത്തിൽ എത്തി. തട്ടിക്കൊണ്ടുപോകാൻ നേതൃത്വം കൊടുത്തവരെ കണ്ടെത്താൻ കഴിഞ്ഞില്ല. റാഷിദിനെ കാണാതായതിനെ കുറിച്ച് ആരും പരാതിയൊന്നും നൽകിയിരുന്നില്ല.
വിദേശത്ത് നിന്നും കാരിയർ വഴി കൊടുത്തയക്കുന്ന സ്വർണം നഷ്ടമാകുന്നത് അടുത്ത കാലത്തായി മേഖലയിൽ വർധിച്ചിരിക്കുകയാണ്. സ്വർണം നഷ്ടപ്പെടുന്നവർ പൊലീസിൽ പരാതി പറയാറില്ല. പകരം ക്വട്ടേഷൻ സംഘങ്ങളെ ഏൽപിക്കുകയാണ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.