മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരപത്രം വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് പി. സുരയ്യ ഏറ്റുവാങ്ങുന്നു

തൂണേരി ബ്ലോക്കിലെ ഏഴു പഞ്ചായത്തുകളും അംഗീകാരത്തിന്റെ നിറവിൽ

നാദാപുരം: തൂണേരി ബ്ലോക്കിലെ ഏഴു പഞ്ചായത്തിനും സംസ്ഥാന സർക്കാറിന്റെ അംഗീകാരം. പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിനുള്ള പദ്ധതി വിഹിതം പൂർണമായും നടപ്പാക്കിയ എടച്ചേരി, പുറമേരി, തൂണേരി, വളയം, ചെക്യാട്, നാദാപുരം, വാണിമേൽ പഞ്ചായത്തുകളാണ് നേട്ടത്തിനർഹരായത്.

ശനിയാഴ്ച തൃശൂരിൽ നടന്ന പരിപാടിയിൽ മന്ത്രി എം.വി. ഗോവിന്ദനിൽനിന്നും തൂണേരി ബ്ലോക്കിലെ പ്രസിഡന്റുമാരും നിർവഹണ ഉദ്യോഗസ്ഥരും ചേർന്ന് പ്രശംസപത്രം ഏറ്റുവാങ്ങി. ഇതോടൊപ്പം പുറമേരി പഞ്ചായത്ത്‌ പദ്ധതി തുകയും എസ്.സി, എസ്.ടി ഫണ്ടും നൂറു ശതമാനം ചെലവഴിച്ചുകൊണ്ട് ബ്ലോക്കിൽ ഒന്നാമതായി.

ജില്ലയിൽ നൂറു ശതമാനം പദ്ധതി വിഹിതം ചെലവഴിച്ച മികച്ച പത്ത് പഞ്ചായത്തുകളിൽ ഒന്നായിട്ടാണ് പുറമേരി പഞ്ചായത്ത് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം നേടിയത്. തൂണേരി ബ്ലോക്ക്‌ പഞ്ചായത്തിന് അഭിമാനിക്കാവുന്ന നേട്ടം സമ്മാനിച്ച മുഴുവൻ അധ്യക്ഷന്മാരെയും ഭരണസമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ അഭിനന്ദിച്ചു.

പഞ്ചായത്തുകൾക്കുള്ള അംഗീകാരപത്രം ഏറ്റുവാങ്ങിയതിനെ ചൊല്ലി വിവാദം

നാദാപുരം: പട്ടികജാതി-വർഗ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ അവാർഡ് സ്വീകരണത്തെച്ചൊല്ലി ജില്ലയിലെയും തൂണേരി ബ്ലോക്കിലെയും പഞ്ചായത്ത് പ്രസിഡന്റുമാർക്കിടയിൽ വിവാദം. ബ്ലോക്കിലെ ഏഴു പഞ്ചായത്തുകൾക്കും പട്ടികജാതി-വർഗ ഫണ്ട് വിനിയോഗത്തിനുള്ള അംഗീകാരം ലഭിച്ചിരുന്നു.

മന്ത്രി എം.വി. ഗോവിന്ദനാണ് കഴിഞ്ഞ ദിവസം തൃശൂരിൽ നടന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്തത്. കോഴിക്കോട് ജില്ലയിൽ 46 പഞ്ചായത്തുകളാണ് ഈ അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്. എല്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്കും അവാർഡ് കൈമാറാൻ കഴിയാത്തതിനാൽ ജില്ലയിൽനിന്ന് ഒരാളെ മുഴുവൻ അംഗീകാരപത്രവും വാങ്ങാനും മറ്റ് പ്രസിഡന്റുമാർ വേദിയിൽ അണിനിരക്കാനുമാണ് പരിപാടിയുടെ സംഘാടകർ സൗകര്യം ഒരുക്കിയത്.

ആദ്യം തൃശൂർ ജില്ലക്ക് വിതരണം നടത്തിയശേഷം പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും നാദാപുരം പഞ്ചായത്ത് പ്രസിഡന്റുമായ വി.വി. മുഹമ്മദലിയാണ് ജില്ലയിലെ പ്രതിനിധിയായി അവാർഡ് ഏറ്റുവാങ്ങിയത്. എന്നാൽ, പഞ്ചായത്ത് പ്രസിഡന്റുമാർ എത്തുന്നതിന് മുമ്പ് അവാർഡ് മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. ഫോട്ടോ ഉപയോഗിച്ച് സ്വന്തം പഞ്ചായത്തിന്റെ നേട്ടമായി പ്രചരിപ്പിച്ചു എന്നാണ് ചടങ്ങിനെത്തിയ മറ്റു പ്രസിഡന്റുമാർ ആരോപിക്കുന്നത്.

തൂണേരി ബ്ലോക്കിലാണ് നാദാപുരം ഉൾപ്പെടെ ഏഴു പഞ്ചായത്തുകൾ. ഇവിടത്തെ പ്രസിഡന്റുമാരും ജില്ലയിലെ മറ്റ് പ്രസിഡന്റുമാരും കടുത്ത പ്രതിഷേധത്തിലാണ്. ഒടുവിൽ നിർവഹണ ഉദ്യോഗസ്ഥർക്കുള്ള സർട്ടിഫിക്കറ്റുകളുടെ വിതരണച്ചടങ്ങിൽ പങ്കെടുത്ത് പഞ്ചായത്ത് ഡയറക്ടറിൽനിന്ന് പുരസ്കാരം കൈമാറുന്ന പടം സംഘടിപ്പിച്ചാണ് പ്രസിഡന്റുമാർ നാട്ടിലേക്ക് തിരിച്ചത്. തൂണേരി ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകൾക്കും ലഭിച്ച അംഗീകാരം നാദാപുരത്തേക്ക് മാത്രമായി ചുരുക്കാനുള്ള ശ്രമം ഉണ്ടായി എന്നാണ് പ്രസിഡന്റുമാർക്കിടയിലെ സംസാരം.

എന്നാൽ, സംഘാടകരുടെ പിഴവാണ് മറ്റുള്ളവർക്ക് വേദിയിൽ എത്താൻ കഴിയാതിരുന്നതിന് കാരണമെന്നും മറ്റു പഞ്ചായത്തുകളുടെ അംഗീകാരം കുറച്ചുകാണിക്കാൻ തന്റെ ഭാഗത്ത് ശ്രമം ഉണ്ടായിട്ടില്ലെന്നും വി.വി. മുഹമ്മദലി പറഞ്ഞു.

Tags:    
News Summary - All the seven panchayats in the Thuneri block are got awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.