മീഞ്ചന്ത ബസ് സ്റ്റാൻഡ് സ്ഥാപിക്കുന്ന സ്ഥലം
കോഴിക്കോട്: വർഷങ്ങളായി കാത്തുകിടക്കുന്ന മീഞ്ചന്തയിലെ കോർപറേഷൻ ബസ് സ്റ്റാൻഡ് പണിയുന്നതിന് വിശദ പദ്ധതിരേഖ (ഡി.പി.ആർ) തയാറാക്കാനുള്ള കരാറുകാരായി. നേരത്തേ താൽപര്യ പത്രം ക്ഷണിച്ചതിനെ തുടർന്ന് എത്തിയ നാലു പേരിൽനിന്ന് തിരഞ്ഞെടുത്ത കമ്പനിയുടെ നിരക്ക് അംഗീകരിക്കുന്ന കാര്യം തിങ്കളാഴ്ചത്തെ കോർപറേഷൻ കൗൺസിൽ യോഗം പരിഗണിക്കും. പദ്ധതി രേഖ തയാറായാൽ സർക്കാർ അംഗീകാരത്തിന് വിധേയമായി തുടർനടപടികൾ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.
24 കൊല്ലം മുമ്പുള്ളതാണ് മീഞ്ചന്തയിൽ ബസ് സ്റ്റാൻഡിനുള്ള പദ്ധതി. നഗരാതിർത്തിയോട് ചേർന്ന് മീഞ്ചന്ത ബൈപാസ് തുടങ്ങുന്നിടത്ത് സ്റ്റാൻഡ് പണിയുക എന്നതാണ് ലക്ഷ്യം. മീഞ്ചന്തയിലും മെഡിക്കൽ കോളജിലും ബസ് സ്റ്റാൻഡ് പണിയുമെന്നത് നഗരസഭയുടെ ബജറ്റുകളിൽ പതിറ്റാണ്ട് മുമ്പുള്ള വാഗ്ദാനമായിരുന്നു.
ബേപ്പൂർ, എലത്തൂർ, ചെറുവണ്ണൂർ പഞ്ചായത്തുകൾ കൂട്ടിച്ചേർക്കുന്നതിന് മുമ്പേ 1998ൽ തന്നെ മീഞ്ചന്തയിൽ ബസ് സ്റ്റാൻഡ് പണിയാൻ തീരുമാനമായെങ്കിലും 2014ൽ കേസ് വന്നതോടെ തുടർനടപടികൾ നിലക്കുകയായിരുന്നു.
1999ൽ പദ്ധതിക്ക് അംഗീകാരമാവുകയും രണ്ടായിരത്തിൽ സർക്കാർ ഉത്തരവിറങ്ങുകയും ചെയ്തു. 2006ൽ സ്ഥലമേറ്റെടുക്കുകയും ബി.ഒ.ടി അടിസ്ഥാനത്തിൽ നിർമാണം നടത്താൻ 78 ലക്ഷം രൂപ നീക്കിവെക്കുകയും ചെയ്തു.
വിവിധ കാരണങ്ങളാൽ പദ്ധതി വൈകി കേസിലകപ്പെട്ടു. ബസ് ടെർമിനൽ നിർമാണവുമായി ബന്ധപ്പെട്ട് വിജിലൻസ് കേസ് വന്നതിനാൽ തുടർനടപടികളില്ലാതെ പോയ പദ്ധതിയാണ് വീണ്ടും സജീവമായത്.
വിജിലൻസ് കേസിലെ തുടർനടപടികൾ അവസാനിപ്പിച്ച് കോടതി ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തിൽ മീഞ്ചന്തയിൽ അത്യാധുനിക ബസ് സ്റ്റാൻഡ് പണിയാനുള്ള വിശദ പദ്ധതിരേഖ തയാറാക്കാൻ നഗരസഭ തീരുമാനിക്കുകയായിരുന്നു.
തലവേദനയായി സ്റ്റാൻഡിന്റെ സ്ഥലം
തലങ്ങും വിലങ്ങും പഴയ വാഹനങ്ങളും മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്ന ബസ് സ്റ്റാൻഡിനായി ഏറ്റെടുത്ത 2.1 ഏക്കർ സ്ഥലം പരിസരവാസികൾക്ക് തലവേദനയായി തുടരുകയാണ്. നേരത്തേ നല്ലളം സ്റ്റേഷനു മുന്നിൽ വിവിധ കേസുകളിൽപെട്ട് കൂട്ടിയിട്ടിരുന്ന വാഹനങ്ങൾ മന്ത്രി മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് സ്റ്റാൻഡിന്റെ സ്ഥലത്തേക്ക് മാറ്റിയത്. കാടുനിറഞ്ഞ് പഴയ വാഹനങ്ങളുടെ ശവപ്പറമ്പായിക്കിടക്കുന്ന സ്ഥലത്ത് ക്ഷുദ്രജീവികൾ മേയുന്നു. സാമൂഹിക വിരുദ്ധരുടെയും മുഖ്യ താവളമാണിത്. മീഞ്ചന്തയിൽ സ്റ്റാൻഡ് വരുന്നതോടെ മിനി ബൈപാസ് വഴി സിറ്റി ബസ് സർവിസ് തുടങ്ങാനാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.