ചികിത്സക്ക് വേണം 50 കോടി രൂപ: ഈ മൂന്ന് കുരുന്നു സഹോദരങ്ങൾക്ക് വേണം നമ്മുടെ കരുതൽ

മുക്കം (കോഴിക്കോട്): ഒറ്റപ്രസവത്തിൽ പിറന്ന ഒന്നര വയസ് മാത്രം പ്രായമായ മൂന്ന് കുരുന്നു സഹോദരങ്ങൾ എസ്.എം.എ രോഗം ബാധിച്ച് ദുരിതത്തിൽ. ഓമശ്ശേരി പഞ്ചായത്തിലെ കല്ലുരുട്ടി നിവാസികളായ അരുൺ-ഷാൽമി ദമ്പതികളുടെ മക്കളായ ഡേവിഡ് മാഗ്നസ് അരുൺ, ഈഥൻ മോസസ് അരുൺ, ഒലിവർ ജോനാ അരുൺ എന്നിവർക്കാണ് അപൂർവ ജനിതകരോഗം ബാധിച്ചത്.

മൂന്ന് കുഞ്ഞുങ്ങൾക്കും സ്പൈനൽ മസ്‌കുലാർ അട്രോഫി ടൈപ്പ് 2 (എസ്.എം.എ ടൈപ് 2) ആണ് സ്ഥിരീകരിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു പ്രസവത്തിൽ ജനിച്ച മൂന്ന് കുഞ്ഞുങ്ങൾക്ക് എസ്.എം.എ 2 എന്ന ജനിതക രോഗം സ്ഥിരീകരിക്കുന്നത്. ശരീരത്തിലെ എസ്.എം.എൻ പ്രോട്ടീൻ അളവ് കുറയുന്നതിലൂടെ സുഷുമ്‌നാ നാഡിയിലെ ആൽഫ മോട്ടോർ ന്യൂറോണുകൾക്ക് നാശം സംഭവിക്കുകയും പേശികളുടെ ശക്തി ക്രമേണ കുറയുകയും ചെയ്യുന്ന ഗുരുതരമായ ജനിതകരോഗമാണിത്.

കുട്ടികളുടെ ചലനശേഷിയെ ബാധിക്കുകയും ഇരിക്കുക, എഴുന്നേൽക്കുക, നടക്കുക തുടങ്ങിയ ദൈനംദിന പ്രവർത്തനങ്ങൾ പ്രയാസകരമാക്കുകയും ചെയ്യുന്നു. നിലവിൽ കുട്ടികൾ ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെ ചികിത്സയ്ക്കായി ജീൻ തെറപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്കും തുടർപരിചരണത്തിനുമായി ഏകദേശം 50 കോടി രൂപ ആവശ്യമാണ്.

ചികിത്സക്കായി ജനകീയ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. പ്രിയങ്ക ഗാന്ധി എം.പി, എം.കെ. രാഘവൻ എം.പി, പി.കെ. ഫിറോസ് എം.എൽ.എ, സി.കെ. കാസിം എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, മുക്കം നഗരസഭ ചെയർപേഴ്‌സൻ കെ.പി. ചാന്ദിനി എന്നിവർ രക്ഷാധികാരികളായ കമ്മിറ്റിയുടെ ചെയർപേഴ്സൻ ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സൂപ്പർ സൗദയാണ്. ചികിത്സ ധനസമാഹരണം ലക്ഷ്യമാക്കി ഓമശ്ശേരി ഫെഡറൽ ബാങ്കിൽ ക്രൗഡ് ഫണ്ടിങ് അക്കൗണ്ട് ആരംഭിച്ചു.

കുരുന്നുകളുടെ ജീവൻ രക്ഷിക്കാനായി മുഴുവനാളുകളും സഹകരിക്കണമെന്ന് സി.കെ. കാസിം എം.എൽ.എ, മുക്കം നഗരസഭ ചെയർപേഴ്സൻ കെ.പി. ചാന്ദ്നി, ഓമശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് സൂപ്പർ സൗദ, കല്ലുരുട്ടി പള്ളി വികാരി സിബിൻ കിളിയൻപറമ്പിൽ, കുട്ടികളുടെ പിതാവ് പി.ഡി. അരുൺ, അബീഷ് ജോസഫ്, ശാഹിർ കല്ലുരുട്ടി, ബോസ് ഇലഞ്ഞിക്കൽ, ജിബി പുല്ലാട്ട്, ബിജു ഔസേപറമ്പൻ, ബിജു പൂവത്തിരിചാലിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അഭ്യർഥിച്ചു.

അക്കൗണ്ട്: അരുൺ പി.ഡി, ബാങ്ക്: ഫെഡറൽ ബാങ്ക്, ബ്രാഞ്ച്: ഓമശ്ശേരി. അക്കൗണ്ട് നമ്പർ: 21360100162505. ഐ.എഫ്.എസ്.സി കോഡ്: FDRL0002136 : യു.പി.ഐ ഐ.ഡി: arunpd2@fbl

Tags:    
News Summary - 18-month-old triplets with SMA need Rs 50 crore for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.