തേഞ്ഞിപ്പലം: ജനവാസമേഖലയില്‍ അജ്ഞാത വസ്തു വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. തേഞ്ഞിപ്പലം പഞ്ചായത്ത് 17-ാം വാര്‍ഡിലെ കൊളത്തോട് ഇരുമ്പോത്തിങ്ങല്കടവിന് സമീപം രണ്ട് വീടുകള്‍ക്ക് സമീപമുള്ള പറമ്പില്‍ വെള്ളിയാഴ്ച ഉച്ചക്ക് 12.34 ഓടെയായിരുന്നു സംഭവം. പ്രദേശത്തെ തയ്യില്‍ സുജിത്തിന്റെ വീടിന് സമീപത്താണ് സ്ഫോടക വസ്തു വീണ് പൊട്ടിത്തെറിച്ചത്. ഓടിയെത്തിയ സുജിത്ത് തീയണച്ചു.
സംഭവത്തിൽ ആർക്കും പരിക്കില്ല. സ്ഥലത്ത്നിന്ന് ചെറിയ കമ്പി, വയര്‍ എന്നിവ കണ്ടെടുത്തു. അജ്ഞാത വസ്തു പതിച്ച പറമ്പിലെ പുല്ലില്‍ ചാരം പരന്നിരുന്നു. തേഞ്ഞിപ്പലം ഇന്‍സ്പെക്ടര്‍ എസ്.കെ പ്രിയന്റെ നേതൃത്വത്തില്‍ പൊലീസ്, ഫോറന്‍സിക് വിദഗ്ധര്‍, ബോംബ്, ഡോഗ് സ്ക്വാഡുകള്‍ എന്നിവര്‍ പരിശോധന നടത്തി. സ്ഫോടക വസ്തുവിന്റെ സാമ്പിള്‍ ശേഖരിച്ച് തിരൂരിലെ ഫോറന്‍സിക് ലാബിലേക്ക് കൊണ്ടുപോയി.
ആവശ്യമെങ്കില്‍ വിദഗ്ധ പരിശോധനക്കായി തൃശൂരിലെ ഫോറന്‍സിക് ലാബിലേക്ക് മാറ്റും. ആകാശത്തിലൂടെ വന്ന് വീണ അജ്ഞാത വസ്തു ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചെന്നാണ് നാട്ടുകാര്‍ പറയുന്നത്. വള്ളിക്കുന്ന് ഭാഗത്ത് നിന്നാണ് എത്തിയത്. പുഴയുടെ മറുകരയിലെ സൈനിക ക്യാമ്പില്‍ നിന്ന് പരിശീലന സമയത്ത് ദിശ തെറ്റി എത്തിയതാകാമെന്നും പറയുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് പൊലീസ് വിശദീകരണം നല്‍കിയിട്ടില്ല. ശാസ്ത്രീയ പരിശോധന ഫലം വന്നതിന് ശേഷമേ ഇക്കാര്യത്തില്‍ എന്തെങ്കിലും പറയാനാകൂവെന്ന് അവർ അറിയിച്ചു.
തേഞ്ഞിപ്പലം: സ്ഫോടനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് തേഞ്ഞിപ്പലം പഞ്ചായത്ത് 17-ാം വാര്‍ഡ് അംഗം വിജിത രാമകൃഷ്ണന്. ഫോറന്‍സിക് ലാബില്‍ നിന്നുള്ള പരിശോധനഫലം ലഭിച്ചാല്‍ ഉടന്‍ അറിയിക്കാമെന്നാണ് പൊലീസ് പറഞ്ഞത്. സംഭവസമയത്ത് സ്ഥലത്ത് അധികമാരും ഉണ്ടായിരുന്നില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.