മാങ്കാവ് കൽപക തിയറ്റർ റോഡ്
കോഴിക്കോട്: എട്ട് മാസത്തോളമായി നന്നാക്കാൻ തുടങ്ങിയിട്ടും പണിതീരാതെ റോഡ്. കോർപറേഷന്റെ മാങ്കാവ് കല്പക തിയറ്റർ റോഡാണ് നാട്ടുകാരുടെ തലവേദനയായത്. കൗൺസിലർ ഓമന മധുവിന്റെ നേതൃത്വത്തിൽ പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷനെ ഉൾപ്പെടുത്തി കഴിഞ്ഞദിവസം യോഗം വിളിച്ചു. കരാറുകാരന്റെ അനാസ്ഥയാണ് പൊളിച്ചിട്ട റോഡിന്റെ പണി നീളുന്നതെന്ന് കൗൺസിലർ അറിയിച്ചു.
മഴയാണെന്ന കാരണം പറഞ്ഞായിരുന്നു ഇതുവരെ പണി നീട്ടിക്കൊണ്ട് പോയത്. ഇപ്പോൾ മഴ മാറിയിട്ടും പണി തുടങ്ങിയിട്ടില്ല. പല തവണ ഇടപെട്ടിട്ടും കരാറുകാരൻ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. മഴയൊന്ന് ചാറിയാൽ കാൽനട യാത്രപോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ. ഈ ആഴ്ച കൂടി പണി നടന്നിട്ടില്ലെങ്കിൽ അടുത്ത ആഴ്ച കൗൺസിലറുടെ നേതൃത്വത്തിൽ റോഡിലും കോർപറേഷൻ ഓഫിസിലും കുത്തിയിരിപ്പ് സമരം നടത്താനാണ് തീരുമാനം.
നാട്ടുകാർ കൗൺസിലറുടെ നേതൃത്വത്തിൽ മേയറെ കാണാനും തീരുമാനിച്ചിട്ടുണ്ട്. അധികൃതർ അടുത്തയാഴ്ച പണി തുടങ്ങാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ടെങ്കിലും നാട്ടുകാർക്ക് വിശ്വാസമില്ലാത്ത അവസ്ഥയുണ്ട്. വാർഡ് കമ്മിറ്റി നേരത്തേ തന്നെ അധികൃതർക്ക് പരാതി കൊടുത്തതാണ്.
ധിക്കാരപരമായാണ് കരാറുകാർ പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. മൊത്തം 18 ലക്ഷത്തിന്റെ കരാറാണ് റോഡ് പണിക്ക് നൽകിയത്. കഴിഞ്ഞ ഏപ്രിൽ 11നാണ് റോഡ് കുത്തിപ്പൊളിച്ചത്. വശങ്ങളിൽ ഓവുചാൽ കെട്ടി റോഡ് ഉയരം കൂട്ടി നവീകരിക്കാനായിരുന്നു കരാർ.
റോഡിൽ ഇറക്കിയ കല്ലിൽ വീണ് ഇതിനകം നാല് സ്ത്രീകൾക്ക് പരിക്കേറ്റു. റോഡ് തൽക്കാലത്തേക്ക് നിരപ്പാക്കി നൽകാൻ പറഞ്ഞിട്ടും ഒന്നും ചെയ്തില്ല. ജോലി പൂർത്തിയാക്കാത്തതിനാൽ കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തണമെന്ന് ആവശ്യപ്പെട്ട് കോർപറേഷന് കൗൺസിലർ പരാതി നൽകിയിരുന്നു. കൽപക, ചാലിയിൽ, കുളങ്ങരപ്പീടിക, കിണാശ്ശേരി, കച്ചേരിക്കുന്ന്, മാങ്കാവ്, തളിക്കുളങ്ങര, പട്ടേൽതാഴം എന്നിവിടങ്ങളിലേക്കെല്ലാം എളുപ്പവഴിയാണിത്. ആഴ്ചവട്ടം സ്കൂളിലേക്കും മറ്റും ബൈപാസ് കടക്കാതെ എളുപ്പം പോകാവുന്ന വഴികൂടിയാണ്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലാണ് ഈ അനാസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.