കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭക്കേസിൽ രണ്ടു പൊലിസുകാരെ പ്രതികളാക്കി കുറ്റപത്രം. പൊലീസുകാർ ഇടനിലക്കാരായി ധനം സമ്പാദിച്ചു എന്നാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലുള്ളത്. നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷാണ് 41 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഇടപാടുകാരുൾപ്പെടെ 12 പ്രതികളാണ് കേസിൽ ഉൾപ്പെട്ടത്.
11, 12 പ്രതികളാണ് പൊലീസ് ഡ്രൈവർമാരായ കോഴിക്കോട് കുന്ദമംഗലം പടനിലം സ്വദേശി കെ. സനിത് (45), കോഴിക്കോട് പെരുമണ്ണ സ്വദേശി കെ. ഷെജിത്ത് (42) എന്നിവര്‍. വയനാട് സ്വദേശിനി ബിന്ദു ഒന്നാം പ്രതിയായ പെൺവാണിഭക്കേസിൽ കെട്ടിട ഉടമയടക്കം 12 പ്രതികളാണ് ഉൾപ്പെട്ടത്.
ബിന്ദു (47), ഇടുക്കി സ്വദേശിനി അഭിരാമി (35), ഫറോക്ക് സ്വദേശി ഉപേഷ് (48) എന്നിവർ നടത്തിപ്പുകാരായുള്ള സംഘത്തിൽ ആറ് സ്ത്രീകളും മൂന്ന് പുരുഷന്മാരും ഉൾപ്പെടെ ഒമ്പത് പേരാണ് ജൂൺ ആറിന് പൊലീസ് നടത്തിയ റെയ്ഡിൽ പിടിയിലായത്.
എം.കെ. അനിമീഷ് വാടകക്കാരനായ കെട്ടിടത്തിലാണ് പെൺവാണിഭ കേന്ദ്രം പ്രവർത്തിച്ചത്. പൊലീസുകാർക്ക് പെൺവാണിഭ കേന്ദ്രവുമായി ബന്ധമുള്ളതിന്റെ തെളിവുകളടക്കമുള്ള അന്വേഷണ റിപ്പോർട്ട് നടക്കാവ് ഇൻസ്പെക്ടർ സിറ്റി പൊലീസ് കമീഷണർക്ക് നൽകിയതിന് പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്തിരുന്നു.
തുടർന്ന് പൊലീസ് ഡ്രൈവർമാർ ഒളിവിൽ പോയ കേസിൽ നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസുകാർക്ക് അനധികൃത സമ്പാദ്യവും റിയൽ എസ്റ്റേറ്റ് വ്യാപാരത്തിൽ പങ്കാളിത്തവും ഉണ്ടായിരുന്നു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. കെട്ടിടം വാടകക്കെടുത്ത അനിമീഷ് വിദേശത്തായതിനാൽ അറസ്റ്റ് നടന്നിട്ടില്ല എന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.