കോഴിക്കോട്: കഴിഞ്ഞവർഷം നഗരപരിധിയിലെ റോഡുകളിൽ പൊലിഞ്ഞത് 128 ജീവനുകൾ. ഇരുചക്ര വാഹനയാത്രികരാണ് ഏറ്റവും കൂടുതലായി അപകടത്തിൽപെട്ടതും മരിച്ചതും. 90 ഇരുചക്ര വാഹന യാത്രികരാണ് ഇക്കാലയളവിൽ മരിച്ചത്. ഇവരിൽ 65 പേരും ഹെൽമറ്റില്ലാതെ യാത്രചെയ്തവരാണ്. 18 കാൽനടക്കാരും ഒരു സൈക്കിൾ യാത്രക്കാരനും അപകടത്തിൽ ജീവൻ നഷ്ടമായി. മരിച്ചവരിൽ 11 പേർ ഡ്രൈവർമാരുമാണ്.
പുറക്കാട്ടിരി സ്വദേശികളായ ബൈക്ക് യാത്രികർ വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് സ്കൂളിന് സമീപം കൊല്ലപ്പട്ടതടക്കം ദാരുണ അപകടങ്ങളിൽ മിക്കതിലും സ്വകാര്യ ബസുകളാണ് പ്രതിസ്ഥാനത്ത്. മരിച്ചവരിലേറെപേരും യുവാക്കളാണ്.
പൊലീസ് കണക്കുപ്രകാരം കഴിഞ്ഞവർഷം സിറ്റി പരിധിയിൽ ചെറും വലുതുമായ 1210 വാഹനാപകടങ്ങളാണുണ്ടായത്. ഇതിൽ 1230 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ നൂറോളം പേരുടെ ആരോഗ്യനില ഗുരുതരമായിരുന്നു. ചിലർ മാസങ്ങൾ നീണ്ട ചികിത്സക്കുശേഷവും പൂർണ ചലനശേഷിപോലും വീണ്ടെടുത്തിട്ടില്ല.
അമിത വേഗതയും അശ്രദ്ധയുമാണ് മിക്ക അപകടങ്ങൾക്കും കാരണം. സിറ്റി പരിധിയിലെ പൊലീസ് കാറമകളടക്കം ഉപയോഗപ്പെടുത്തി ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ വലിയ തുക പിഴ ചുമത്തുന്നുണ്ടെങ്കിലും നിയമലംഘനങ്ങൾക്ക് കുറവില്ല. കോടിയിലേറെ രൂപയാണ് കഴിഞ്ഞവർഷവും ട്രാഫിക് നിയമലംഘനത്തിൽ പിഴയായി ഈടാക്കിയത്. കോവിഡ്കാരണം വിവിധതരത്തിലുള്ള നിയന്ത്രണങ്ങളേർപ്പെടുത്തിയ കാലത്തിലുൾപ്പെടെയാണിത്.
2020ലെ അപകടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ എണ്ണവും മരണവും കഴിഞ്ഞവർഷം കൂടിയിട്ടുണ്ട്. 2020ൽ 1003 അപകടങ്ങളിലായി 91 പേരാണ് മരിച്ചത്. 1008 പേർക്കായിരുന്നു പരിക്ക്. കഴിഞ്ഞ 15 വർഷംകൊണ്ട് നഗര റോഡുകളിലെ അപകടങ്ങളിൽ 2336 പേരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.