കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം ആരോഗ്യമന്ത്രി വീണ ജോർജ് സന്ദർശിച്ചപ്പോൾ
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അടിമുടി മാറ്റം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അടിസ്ഥാന സൗകര്യങ്ങളും ചികിത്സ പരിസരവുമുൾപ്പെടെ മാറ്റേണ്ടതുണ്ട്. കിഫ്ബിയിൽ ഉൾപ്പെടുത്തി മാനസികാരോഗ്യ കേന്ദ്രത്തിൽ വികസനം നടപ്പാക്കാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സന്ദർശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ഓരോരുത്തരുടെയും രോഗാവസ്ഥക്കനുസരിച്ചുള്ള ചികിത്സ പരിസരമാണ് തീർക്കേണ്ടത്. എല്ലാവരെയും സെല്ലിലടക്കുന്ന രീതി മാറ്റേണ്ടതുണ്ട്. എന്നാൽ അക്രമാസക്തരായവരെ ഒറ്റക്കുതന്നെ താമസിപ്പിക്കേണ്ടിവരും. ബിഹേവിയർ ഐ.സി.യു ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കണം. ആശുപത്രിയുടേത് 150ഓളം വർഷം പഴക്കമുള്ള കെട്ടിടങ്ങളാണ്. കിടക്കകളെക്കാൾ അധികമാണ് രോഗികൾ. രോഗം മാറിയിട്ടും വീട്ടുകാർ സ്വീകരിക്കാൻ തയാറാകാത്ത 48 പേർ ആശുപത്രിയിൽ കഴിയുന്നു. 180 പേരാണെങ്കിൽ അജ്ഞാതരാണ്. ഇവരുടെയൊക്കെ പുനരധിവാസത്തിനുവേണ്ടി എട്ടരക്കോടി രൂപയുടെ പുതിയ കെട്ടിടം നിർമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇത്രയധികം പേരെ നേരെ ആശുപത്രിയിലേക്ക് വിടേണ്ട ആവശ്യമില്ല. ബോധവത്കരണ പ്രവർത്തനങ്ങൾ സമൂഹത്തിൽ വേണം. രോഗം മാറിയവരെ സ്വീകരിക്കാൻ വിമുഖത പാടില്ല. നമുക്ക് മാതൃക തീർക്കാൻ കഴിയണമെന്നും മന്ത്രി ഓർമിപ്പിച്ചു. ആശുപത്രിയിൽ അടുത്തകാലത്തുണ്ടായ സംഭവങ്ങളുമായി ബന്ധപ്പെട്ട് അഡീഷനൽ ഡി.എച്ച്.എസ് വിശദ റിപ്പോർട്ട് തയാറാക്കിയിട്ടുണ്ട്. ആ റിപ്പോർട്ടിൽ അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഡി.എം.ഒ തലത്തിൽ അന്വേഷണം നടക്കുന്നുണ്ട്. റിപ്പോർട്ട് മന്ത്രിതലത്തിൽ എത്തിയിട്ടില്ല.
ആശുപത്രി നേരിട്ട് സന്ദർശിച്ച ശേഷം റിപ്പോർട്ട് പരിശോധിക്കാം എന്നാണ് കരുതിയത്. തസ്തിക നിർണയം ഉൾപ്പെടെ ഇവിടത്തെ സാഹചര്യങ്ങൾക്കനുസൃതമായ അടിയന്തര മാറ്റങ്ങൾ എന്തൊക്കെ എന്ന് നോക്കി നടപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് യോഗം ചേരുമെന്ന് മന്ത്രി വീണ ജോർജ് പറഞ്ഞു. യോഗത്തിൽ ആരോഗ്യമന്ത്രിയും ആശുപത്രി അധികൃതരും പങ്കെടുക്കും. മാനസികാരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ വളരെ പ്രധാനപ്പെട്ട ചില ഇടപെടലുകൾ നടത്തണമെന്ന് ആഗ്രഹിക്കുന്നുണ്ട്.
കുതിരവട്ടം ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഉൾപ്പെടെ കാലോചിതമായ മാറ്റം ആവശ്യമാണ്. 2016ൽ മാസ്റ്റർ പ്ലാൻ തയാറായിരുന്നു. അത് സംസ്ഥാനത്തിന് പുറത്തുള്ള ഏജൻസിയെയാണ് ഏൽപ്പിച്ചിരുന്നത്. നടപടികളൊന്നും മുന്നോട്ടുപോയില്ല. അത് കിഫ്ബിയിൽ ഉൾപ്പെടുത്താൻ ആലോചനയുണ്ട്. കൂടാെത, പ്ലാൻ ഫണ്ടിലും തുക മാറ്റിവെച്ചിട്ടുണ്ട്. ഇവ ഉപയോഗിച്ച് അടിസ്ഥാന വികസനം പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ഭക്ഷ്യവസ്തുക്കൾ കടത്തിയ സംഭവത്തിൽ വിജിലൻസ് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നടപടി സ്വീകരിക്കാനാകൂവെന്ന് ഡി.എം.ഒ ഡോ. വി. ഉമർ ഫാറൂഖ്. വിജിലൻസ് റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിച്ചാൽ അതനുസരിച്ച് നടപടി സ്വീകരിക്കുമെന്നും ഡി.എം.ഒ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഭക്ഷ്യവസ്തുക്കൾ കടത്തിയ രണ്ട് ജീവനക്കാരെ വിജിലൻസ് പിടികൂടിയത്. പാചകത്തൊഴിലാളികളായ ശിവദാസൻ, ജമാൽ എന്നിവരെയാണ് പിടികൂടി കേസെടുത്തത്. ആശുപത്രിയിലെ അന്തേവാസികൾക്ക് ഭക്ഷണം നൽകാനായി എത്തിച്ച പലചരക്ക് സാധനങ്ങൾ ഇവർ ബാഗിലാക്കി പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്ഥാനത്തിൽ ഇരുവരെയും മുൻകൂട്ടി മനസ്സിലാക്കിയ ശേഷമായിരുന്നു വിജിലൻസിന്‍റെ പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.