കോഴിക്കോട്: കെ.എസ്.ആർ.ടി.സി ബലക്ഷയം സംബന്ധിച്ച ഐ.ഐ.ടി റിപ്പോർട്ടിനെക്കുറിച്ച് പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ട് ഗതാഗതവകുപ്പിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി ആൻറണി രാജു. ഇതു ലഭിച്ചാലേ ഭാവികാര്യങ്ങളിൽ നടപടി സ്വീകരിക്കാനാവൂവെന്നും അദ്ദേഹം 'മാധ്യമ'ത്തോടു പറഞ്ഞു. വിദഗ്ധ സംഘത്തിന് റിപ്പോർട്ട് തയാറാക്കാൻ കൂടുതൽ സമയം അനുവദിച്ചിട്ടില്ല. ഒക്ടോബർ 25 നാണ് വിദഗ്ധസംഘത്തെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചത്. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. ഒന്നരമാസമായിട്ടും വിദഗ്ധസംഘത്തിന് റിപ്പോർട്ട് സമർപ്പിക്കാനായിട്ടില്ല. ചീഫ് ടെക്നിക്കൽ എക്സാമിനർ എസ്. ഹരികുമാർ കൺവീനറായ അഞ്ചംഗ സമിതിയാണ് ഐ.ഐ.ടി റിപ്പോർട്ട് പരിശോധിക്കുന്നത്.അതേസമയം, സമിതി ഇടക്കാല റിപ്പോർട്ട് തയാറാക്കിയതായി കെ.ടി.ഡി.എഫ്.സി വൃത്തങ്ങൾ പറഞ്ഞു.
അതുപ്രകാരം ബലക്ഷയം ഉണ്ടെന്ന ഐ.ഐ.ടി റിപ്പോർട്ടിനെ കുറിച്ച് കൂടുതൽ സമയമെടുത്ത് പഠിക്കേണ്ടതുണ്ടെന്നാണ് സൂചന. ഏതായാലും സർക്കാർ നേരത്തെ തീരുമാനിച്ച പോലെ ഉടൻ പ്രവൃത്തി നടത്തേണ്ട സാഹചര്യം നിലവിലില്ല. വ്യാപാരസമുച്ചയം മുഴുവൻ പ്രവർത്തിച്ചു തുടങ്ങുന്നതോടെയുണ്ടാവാൻ സാധ്യതയുള്ള ഭാരം താങ്ങാനുള്ള ശേഷിയുടെ കാര്യത്തിലാണ് ഐ.ഐ.ടി മുന്നറിയിപ്പ്. നിലവിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിന് ഭീഷണിയില്ല.
അതേസമയം, കെട്ടിടം പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്സിന് വ്യാപാരകേന്ദ്രം ഉപയോഗിക്കണമെങ്കിൽ ബലപ്പെടുത്തൽ പ്രവൃത്തി നടത്തണം. അത് ചെയ്യാത്തിടത്തോളം വ്യാപാരകേന്ദ്രം തുറന്നുപ്രവർത്തിക്കാനാവില്ല. കെ.എസ്.ആർ.ടി.സിക്ക് പ്രതിമാസം 43 ലക്ഷം രൂപയാണ് അലിഫ് ബിൽഡേഴ്സ് നൽകേണ്ടത്. പ്രവർത്തനം തുടങ്ങി ഒന്നര വർഷം കഴിഞ്ഞു മതി വാടക നൽകൽ എന്നാണ് കരാർ. 17 കോടി രൂപ തിരിച്ചുകിട്ടാത്ത നിക്ഷേപമായി കെ.എസ്.ആർ.ടി.സിക്ക് നൽകിയിട്ടുണ്ട്. കെട്ടിടം ബലപ്പെടുത്തൽ വൈകുന്നതിനനുസരിച്ച് വാടക നൽകാനുള്ള കാലപരിധിയും നീളും. ഈയിനത്തിൽ കെ.എസ്.ആർ.ടി.സിക്ക് ഇനിയും കോടികളുടെ നഷ്ടമാണുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.