ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള നയിക്കുന്ന യൂത്ത് കാരവന് കോഴിക്കോട് ജില്ലാ കമ്മിറ്റി കൊടുവള്ളിയിൽ നൽകിയ സ്വീകരണം

ആർ.എസ്.എസുമായി സഭ കൂട്ടുതാമരകൃഷിക്ക് ശ്രമിക്കുന്നു -നഹാസ് മാള

കൊടുവള്ളി: ആർ.എസ്.എസുമായി സഭ കൂട്ടു താമരകൃഷിക്ക് ശ്രമിക്കുകയാണെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് നഹാസ് മാള. മെയ് അഞ്ചിന് കാസർകോട് നിന്നാരംഭിച്ച 'ഇസ്‌ലാമോഫോബിയ കുറ്റകൃത്യമായി പ്രഖ്യാപിക്കുക' സോളിഡാരിറ്റി യൂത്ത് കാരവന് കോഴിക്കോട് ജില്ല കമ്മിറ്റി കൊടുവള്ളിയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആർ.എസ്.എസിന് ഞെക്കി കൊല്ലാൻ മാത്രമല്ല, നക്കി കൊല്ലാനും അറിയാമെന്ന് സഭകൾ മനസ്സിലാക്കണം. സൗഹാർദവും സഹവർത്തിത്വവും നിലനിൽക്കുന്ന കേരളത്തിന്‍റെ സമൂഹികാന്തരീക്ഷത്തെ വംശീയ വെറുപ്പുകളും വിദ്വേഷവും പ്രചരിപ്പിച്ച് തകർക്കാനാണ് ഭിന്നിപ്പിന്‍റെ രാഷ്ട്രീയം പയറ്റി സംഘ്പരിവാർ ശ്രമിക്കുന്നത്. ഈ ലക്ഷ്യാർഥമാണ് ഇസ്ലാമോഫോബിയ സാമൂഹികാന്തരീക്ഷത്തെ ഉപയോഗപ്പെടുത്തി മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട എന്തിനെയും വ്യാജ പ്രചാരണങ്ങളിലൂടെ പൈശാചികവത്കരിക്കുന്നത്. അതിനെ പ്രതിരോധിക്കാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

സോളിഡാരിറ്റി ജില്ല പ്രസിഡന്റ് നൂഹ് ചേളന്നൂർ അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്‍ലാമി സംസ്ഥാന ജനറൽ സെക്രട്ടറി വി.ടി. അബ്ദുല്ലക്കോയ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ടി. ശാക്കിർ, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി തൻസീർ ലത്തീഫ്, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ജില്ല ജനറൽ സെക്രട്ടറി നവാഫ് പാറക്കടവ്, ജമാഅത്തെ ഇസ്‍ലാമി വനിത വിഭാഗം ജില്ലാ പ്രസിഡന്റ് ആയിശ ഹബീബ് എന്നിവർ സംസാരിച്ചു.

സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് സി.ടി. സുഹൈബ്, സെക്രട്ടറിമാരായ അലിഫ് ശുക്കൂർ, ശബീർ കൊടുവള്ളി, സി.എ. നൗഷാദ് എന്നിവരാണ് ജാഥയിലെ സ്ഥിരാംഗങ്ങൾ. മെയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാരവൻ 12ന് തിരുവനന്തപുരത്ത് സമാപിക്കും.

സ്വീകരണ റാലിക്ക് ജില്ലാ നേതാക്കളായ അമീൻ മുയിപ്പോത്ത്, അമീർ കൊയിലാണ്ടി, അഫീഫ് വള്ളിൽ, നസീഫ് തിരുവമ്പാടി, ശമീം കരുവമ്പൊയിൽ, നജീബ് താമരശ്ശേരി എന്നിവർ നേതൃത്വം നൽകി. സോളിഡാരിറ്റി കലാകാരൻമാർ അവതരിപ്പിച്ച തെരുവ് നാടകവും പരിപാടിയുടെ ഭാഗമായി അരങ്ങേറി. സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി ശാഹുൽ ഹമീദ് കക്കോടി സ്വാഗതവും പ്രോഗ്രാം കൺവീനർ ഫസലുൽ ബാരി നന്ദിയും പറഞ്ഞു.

Tags:    
News Summary - solidarity Youth Caravan at Koduvally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.