കൊടുവള്ളി: തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിൽ അമർന്ന് കൊടുവള്ളി നഗരസഭ. നാളിതുവരെ നടത്തിയ വികസന നേട്ടങ്ങൾ പ്രധാന പ്രചാരണായുധമാക്കിയാണ് യു.ഡി.എഫ് കളത്തിലിറങ്ങി വോട്ട് പിടിക്കുന്നത്. ഗ്രാമപഞ്ചായത്തായിരുന്ന കൊടുവള്ളിയെ 2015 നവംബർ ഒന്നിനാണ് സർക്കാർ മുനിസിപ്പാലിറ്റിയായി ഉയർത്തിയത്. കൊടുവള്ളി നഗരസഭ രൂപവത്കരണ ശേഷം ഇതുവരെ യു.ഡി.എഫാണ് ഭരണം നടത്തിവരുന്നത്. അതുകൊണ്ടുതന്നെ നിലനിർത്തുക എന്നുള്ളതാണ് യു.ഡി.എഫിന്റെ മുന്നിലുള്ള ലക്ഷ്യം. നഗരസഭ ഭരണത്തിന്റെ കോട്ടങ്ങളുടെയും വികസന മുരടിപ്പിന്റെയും നേർച്ചിത്രങ്ങൾ ചൂണ്ടിക്കാട്ടി അട്ടിമറി വിജയമാണ് എൽ.ഡി.എഫ് ലക്ഷ്യം വെക്കുന്നത്.
37 ഡിവിഷനുകളുള്ള കൊടുവള്ളി നഗരസഭയിൽ പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയാണ് യു.ഡി.എഫും, എൽ.ഡി.എഫും സ്ഥാനാർഥിപ്പട്ടിക തയാറാക്കിയിട്ടുള്ളത്. യു.ഡി.എഫിൽ പ്രാവിൽ ഡിവിഷനിൽ ഒരു വിമതൻ മത്സരിക്കുന്നുണ്ട്. എൽ.ഡി.എഫിൽ സിറ്റിങ് സീറ്റ് ആർ.ജെ.ഡിക്ക് നൽകാതെ എൻ.സി.പിക്ക് നൽകിയതിൽ പ്രതിഷേധിച്ച് പറമ്പത്തുകാവ് ഡിവിഷനിൽ ആർ.ജെ.ഡി ഒറ്റക്ക് മത്സരിക്കുന്നുണ്ട്. ഇവിടെ ത്രികോണ മത്സരമാണ് നടക്കുക. സ്ഥാനാർഥികൾ എല്ലാം വീട്ടുകളും കയറിയുള്ള ആദ്യഘട്ട പ്രചരണം പൂർത്തിയാക്കിക്കഴിഞ്ഞു.
കുടുംബസംഗമം ഉൾപ്പെടെയുള്ള രണ്ടാമത്തെ പ്രചാരണത്തിലേക്കാണ് ഇരു മുന്നണികളും നിലവിൽ കടന്നിട്ടുള്ളത്. യു.ഡി.എഫിൽ മുസ്‍ലിം ലീഗിന് 19ഉം, കോൺഗ്രസിന് അഞ്ചും, വെൽഫെയർ പാർട്ടിക്ക് ഒന്നും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. പ്രതിപക്ഷത്തായിരുന്ന എൽ.ഡി.എഫിന് സി.പി.എമ്മിന് ഏഴും ഐ.എൻ.എല്ലിന് രണ്ടും ജനതാദൾ എസിന് ഒന്നും ഒരു സ്വതന്ത്രനും ആയിരുന്നു ഉണ്ടായിരുന്നത്. പരമാവധി സീറ്റുകൾ വർധിപ്പിച്ച് ഭരണം നിലനിർത്തുക എന്നുള്ളതാണ് യു.ഡി.എഫിന്റെ മുന്നിലുള്ളത്. ഇത്തവണ ഭരണം തിരിച്ചു പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് നേതൃത്വം. ഇത്തവണ വോട്ടർമാരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. എൻ.ഡി.എയും, എസ്.ഡി.പി.ഐയും മത്സരരംഗത്തുണ്ട്. പുതിയ വാർഡ് വിഭജനത്തോടെ ഇരു മുന്നണികളുടെയും വിജയ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.