കാരപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനത്തിനൊരുങ്ങിയ സ്കൂൾ ആർട്ട് ഗാലറി
കോഴിക്കോട്: സ്കൂൾ കുട്ടികൾ വരക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ കോഴിക്കോട്ടെ സർക്കാർ വിദ്യാലയമായ കാരപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ സ്മാർട്ട് ആർട്ട് ഗാലറി ഒരുങ്ങി. സർക്കാർ സ്കൂളുകൾ കേന്ദ്രീകരിച്ച് കേരള ലളിതകല അക്കാദമി നടപ്പാക്കുന്ന ആദ്യത്തെ സ്കൂൾ സ്മാർട്ട് ആർട്ട് ഗാലറിയാണിത്. കല, സാഹിത്യം, സംസ്കാരം, രാഷ്ട്രീയം, ചരിത്രം എന്നീ മേഖലകളിൽ കുട്ടികൾക്കുള്ള അറിവും അവബോധവും ആസ്വാദന നിലവാരവും വികസിപ്പിക്കാൻ ഉതകുംവിധം ചരിത്ര ഗാലറിയും ആർട്ട് ഗാലറിയുമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. 16 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്.
സ്കൂളിന്റെ ഡൈനിങ് ഹാളിനോട് ചേർന്ന വിസിറ്റേഴ്സ് ലോഞ്ചും ഇൻഡോർ കോർട്ടിന്റെ മുന്നിലെ ലോബി സ്പെയ്സും ഉപയോഗപ്പെടുത്തി ഇരുനിലകളിലായി ആകർഷകമായാണ് ആർട്ട് ഗാലറി സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ, ഫാൾസ് വാൾ, ട്രാക്ക് ലൈറ്റുകൾ, ഓഡിയോ-വിഡിയോ എക്സിബിറ്റ്സ് എന്നിങ്ങനെയുള്ള സാങ്കേതിക സംവിധാനങ്ങളുമുണ്ട്. വിവിധ കാലഘട്ടങ്ങളിൽ കോഴിക്കോട് എത്തിച്ചേർന്ന് ഇവിടുത്തെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി മാറിയ സാമൂഹിക വിഭാഗങ്ങളെ കുറിച്ച് മലയാളത്തിലും ഇംഗ്ലീഷിലുമുള്ള വിവരണങ്ങൾ ചരിത്ര ഗാലറിയിൽ കാണാം. കല, സാഹിത്യം, രാഷ്ട്രീയം, സ്പോർട്സ് തുടങ്ങി വിവിധ തുറകളിൽ കോഴിക്കോടിന്റെ യശസ്സുയർത്തിയ മഹാപ്രതിഭകളുടെ പോർട്രെയ്റ്റ് ഗാലറി, ദേശത്തിന്റെ ചരിത്രം അടിസ്ഥാനമാക്കിയുള്ള മ്യുറൽ പെയിന്റിങ്ങുകൾ, പ്രശസ്ത കലാകാരന്മാരുടെയും കുട്ടികളുടെയും പെയിന്റിങ്ങുകൾ എന്നിവയെല്ലാം സ്ഥിരം പ്രദർശനത്തിനായി ഒരുക്കിയിട്ടുണ്ട്.
ആർട്ട് ഗാലറിയിൽ പ്രശസ്ത കലാകാരന്മാരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ആർട്ട് വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കാനും സൃഷ്ടികൾ പ്രദർശിപ്പിക്കാനുമുള്ള സൗകര്യവുമുണ്ട്. മറ്റു വിദ്യാലയങ്ങളിലെ കുട്ടികൾക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം.
കോഴിക്കോടെത്തുന്ന ചിത്രകാരനും ചിത്രകാരിക്കും ഇവിടെ വരാനും വരക്കാനും കുട്ടികൾക്കായി ഡെമോൺസ്ട്രേഷൻ നടത്താനുമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. വർഷങ്ങൾക്കുമുമ്പ് 90ൽ താഴെ കുട്ടികളുമായി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ കാരപ്പറമ്പ് സ്കൂൾ ഇന്ന് കേരളത്തിലെ പൊതുവിദ്യാലയങ്ങൾക്കാകെ മാതൃകയാണ്. അന്താരാഷ്ട്ര സ്കൂളുകളോട് കിടപിടിക്കുന്ന ആദ്യ ഹരിത കാമ്പസ് സ്കൂളിലാണ് ആദ്യത്തെ സ്മാർട്ട് ഗാലറിയും ഒരുങ്ങുന്നത്.
ഗാലറി ശനിയാഴ്ച മന്ത്രി സജി ചെറിയാൻ നാടിന് സമർപ്പിക്കുമെന്ന് ലളിതകല അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണൻ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് കാരപ്പറമ്പ് സ്കൂളിൽ ഏകദിന ചിത്രകല ക്യാമ്പും ‘ദിശ’എന്ന പേരിൽ വിദ്യാര്‍ഥികള്‍ക്കുള്ള ഏകദിന കലാപരിശീലന ക്ലാസും നടക്കും. വാർത്തസമ്മേളനത്തിൽ സുനിൽ അശോകപുരം, കെ.പി. മനോജ്, എം. ദീപാഞ്ജലി, സി.കെ. മനോജ് എന്നിവർ പങ്കെടുത്തു. ജില്ലയിലെ ഒരു സ്കൂളിൽ ഒരു സ്മാർട് ആർട്ട് ഗാലറിയാണ് ലളിതകല അക്കാദമിയുടെ ലക്ഷ്യം. അടുത്തതായി ആലപ്പുഴ ജില്ലയിലെ കലവൂർ സ്കൂളിലാണ് സ്മാർട്ട് ഗാലറിയൊരുങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.