കോഴിക്കോട്: സംസ്ഥാനത്തെ പട്ടികജാതി/വർഗ വിഭാഗങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾ ശാക്തീകരിക്കുന്നതിന് കേരള എംപവർമെന്റ് സൊസൈറ്റി രൂപവത്കരിച്ച് സർക്കാർ ഉത്തരവായി. വിവിധ സർക്കാർ പദ്ധതികൾ ഏറ്റെടുത്തു നടപ്പാക്കുന്നതിനും പട്ടികജാതി/വർഗ സംരംഭക സ്വാശ്രയ സഹകരണ സംഘങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നതിനും സൊസൈറ്റി നിയമാനുസൃതമായി അനിവാര്യമായതിനാലാണ് ഉത്തരവിറങ്ങിയത്.
സർക്കാർ ഭീമമായ തുക ചെലവഴിച്ചിട്ടും വേണ്ടരീതിയിൽ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രയോജനപ്പെടുന്നില്ലെന്ന പരാതി വ്യാപകമായതിനെ തുടർന്നാണ് പുതിയ നീക്കം. ഇരു വിഭാഗത്തിന്റെയും തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിനും വിദ്യാഭ്യാസപരമായും ആരോഗ്യപരമായും കൂടുതൽ കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെ ശാക്തീകരണം ലക്ഷ്യംവെച്ചുമാണ് സൊസൈറ്റി രൂപവത്കരണം.
സാമ്പത്തിക ഉന്നമനത്തിനും സാമൂഹിക സുരക്ഷിതത്വം മെച്ചപ്പെടുത്തുന്നതിനുമുള്ള പദ്ധതികൾ ആസൂത്രണം ചെയ്യാൻ സൊസൈറ്റിക്ക് കഴിയുമെന്നാണ് വിലയിരുത്തൽ. പട്ടികജാതി/വർഗ വിഭാഗത്തിലെ അഭ്യസ്തവിദ്യർക്കായി കേരള നോളജ് ഇക്കോണമി മിഷൻ നടപ്പാക്കുന്ന പ്രത്യേക വൈജ്ഞാനിക തൊഴിൽപദ്ധതി ഉന്നതി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്നതിനുള്ള രൂപരേഖയും അംഗീകരിച്ചിട്ടുണ്ട്.
കേരള നോളജ് ഇക്കണോമിക് മിഷൻ ഡൈവേഴ്സിറ്റി ഇൻക്ലൂഷൻ പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗക്കാരുടെ എണ്ണം 5000ത്തിൽ താഴെയുള്ള ഗ്രാമപഞ്ചായത്തുകളിൽ നിലവിലെ പ്രമോട്ടർമാരെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെൻറ് സിസ്റ്റം പ്ലാറ്റ്ഫോം (ഡി.ബ്ല്യുഎം.എസ്) വളന്റിയർമാരായി നിയമിക്കും.
പട്ടികജാതി വിഭാഗക്കാരുടെ എണ്ണം 5000ത്തിന് മുകളിലുള്ള 86 ഗ്രാമപഞ്ചായത്തുകളിൽ, നിലവിലുള്ള പ്രമോട്ടർമാർക്കുപുറമെ 18നും 30നും ഇടയിൽ പ്രായമുള്ള അടിസ്ഥാന സാങ്കേതികപരിജ്ഞാനമുള്ള ഒരാളെ വീതം ആറുമാസ കാലയളവിലേക്ക് നിയമിക്കും. ഇവർക്ക് വിജ്ഞാനവാടി കോഓഡിനേറ്റർമാർക്കുള്ള 8000 രൂപയും പ്രതിമാസം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.