കോഴിക്കോട്: ജില്ല സപ്ലൈ ഓഫിസറുടെ നിർദേശ പ്രകാരം റേഷൻ സാധനങ്ങൾ സ്റ്റോക്ക് ചെയ്യാൻ കെട്ടിടം നിർമിച്ചിട്ടും നരിക്കുനി കൊടോളിയിൽ പുതിയ റേഷൻ കട തുടങ്ങാൻ അനുവദിക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പരാതിക്കാരി കൊടോളി എ. ഷിംനക്ക് കട നടത്താനുള്ള അനുവാദം നൽകണമെന്ന് കമീഷൻ ജില്ല സപ്ലൈ ഓഫിസർക്ക് നിർദേശം നൽകി.
2013 ആഗസ്റ്റ് 20നാണ് പരാതിക്കാരി അപേക്ഷ നൽകിയത്. റേഷൻ കട നടത്തുന്നതിനാവശ്യമായ നടപടി പൂർത്തിയായെങ്കിലും കട തുറന്ന് പ്രവർത്തിക്കാൻ അനുമതി കിട്ടിയില്ല.
കമീഷൻ കോഴിക്കോട് ജില്ല സപ്ലൈ ഓഫിസറിൽനിന്ന് റിപ്പോർട്ട് വാങ്ങി. 2013 ജൂലൈ 24നു പരാതിക്കാരിയെ സ്ഥിരംലൈസൻസിയായി നിയമിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിക്ക് ലൈസൻസ് നൽകിയത് റേഷൻ കാർഡ് പുതുക്കുന്ന സമയത്തായിരുന്നതിനാൽ സമീപ കടകളിൽനിന്ന് കാർഡ് ഒഴിവാക്കി പുതിയ കടയ്ക്ക് നൽകാൻ സാങ്കേതിക തടസ്സം ഉണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. 2013 ലെ ഭക്ഷ്യ ഭദ്രതാ നിയമത്തിെൻറ അടിസ്ഥാനത്തിൽ ഏതു കടയിൽനിന്നും സാധനം വാങ്ങാം എന്ന വ്യവസ്ഥയും നിലവിൽ വന്നു.
ഈ സാഹചര്യത്തിൽ പുതിയ റേഷൻ കട അനുവദിക്കുന്നത് ഉചിതമാകില്ലെന്ന് താമരശ്ശേരി സപ്ലൈ ഓഫിസർ റിപ്പോർട്ട് ചെയ്തു. സ്ഥിതി മനസ്സിലാക്കി തീരുമാനമെടുക്കാനാണ് പൊതുവിതരണ ഡയറക്ടർ നൽകിയ നിർദേശമെന്നും റിപ്പോർട്ടിൽ പറയുന്നു.
43 വയസ്സ് കഴിഞ്ഞ പരാതിക്കാരിക്ക് സർക്കാർ ജോലി ലഭിക്കാൻ സാധ്യതയില്ലെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
ധാരാളം സ്ത്രീകൾ റേഷൻ വാങ്ങുന്നതിന് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് പുതിയ കട അനുവദിച്ചത്. പൊതുവിതരണ ഡയറക്ടർ പുതിയ റേഷൻ കടയ്ക്ക് തടസ്സം നിൽക്കാത്ത സാഹചര്യത്തിൽ അനുകൂല തീരുമാനമെടുക്കണമെന്ന് കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.