കോഴിക്കോട്: കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്സിലുണ്ടായ വൻ തീപിടിത്തതിന്റെ കാരണം ഷോർട്ട് സർക്യൂട്ടാവാൻ സാധ്യത. സംഭവത്തിൽ പ്രാഥമികാന്വേഷണം നടത്തി ജില്ല ഫയർ ഓഫിസർ കെ.എം. അഷ്റഫ് അലി ജില്ല കലക്ടർ എ. ഗീതക്കും ഫയർഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യക്കും സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ഇലക്ട്രിക് ലൈനുകൾ കടന്നുപോകുന്ന ഭാഗത്തുനിന്നാണ് തീ പടർന്നത് എന്നതിനാൽ ആ നിലക്കും സംശയങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. പ്രാഥമിക റിപ്പോർട്ടാണ് സമർപ്പിച്ചതെന്നും വിശദാന്വേഷണ റിപ്പോർട്ട് പിന്നീട് നൽകുമെന്നും തീപിടിത്തത്തിലെ നഷ്ടം തിങ്കളാഴ്ചയോടെ കണക്കാക്കുമെന്നും അഷ്റഫ് അലി പറഞ്ഞു.
തീപിടിത്തത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റും ഫോറൻസിക് വിഭാഗവും പരിശോധന തുടരുകയാണ്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് ബുധനാഴ്ച നൽകുമെന്നാണ് വിവരം. ടൗൺ പൊലീസും സംഭവത്തിൽ അന്വേഷണം നടത്തുന്നുണ്ട്. ശനിയാഴ്ച രാവിലെ ആറേകാലോടെയാണ് തീപിടിത്തമുണ്ടായത്. സെക്യൂരിറ്റി ജീവനക്കാർ, രണ്ടാം നിലയിൽനിന്നും ശബ്ദം കേട്ടതോടെ അഗ്നിരക്ഷാസേനയെ അറിയിക്കുകയായിരുന്നു. അപ്പോഴേക്കും മുകൾ നിലയിൽനിന്നും തീ പുറത്തേക്ക് പടർന്നിരുന്നു. തീപിടിച്ച വസ്തുക്കൾ താഴേക്ക് ഒലിച്ചുവീണ് കെട്ടിടത്തിന്റെ തെക്കുഭാഗത്ത് നിർത്തിയിട്ട രണ്ട് കാറുകൾ കത്തിനശിക്കുകയും ചെയ്തിരുന്നു. നാലുകോടിയോളം രൂപയുടെ നഷ്ടമാണ് സ്ഥാപന അധികൃതർ കണക്കാക്കിയത്.
മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള 20 അഗ്നിരക്ഷ യൂനിറ്റുകൾ മൂന്നുമണിക്കൂറോളമെടുത്താണ് തീയണച്ചത്. വിഷു, ഈസ്റ്റർ, ചെറിയപെരുന്നാൾ എന്നിവ പ്രമാണിച്ച് വിൽപനക്കെത്തിച്ച പുതിയ സ്റ്റോക്കുകളാണ് കത്തിനശിച്ചതിലേറെയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.