കോഴിക്കോട്: കൊയിലാണ്ടി ഊരള്ളൂരിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയ കേസിെൻറ അന്വേഷണം കൊടി സുനി, അർജുൻ ആയങ്കി എന്നിവരുടെ സംഘത്തിലേക്കും. സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘം മർദിച്ച് അവശനാക്കി ഉപേക്ഷിച്ച മാതോത്ത് മീത്തൽ അഷ്റഫിെൻറ ഫോണിൽനിന്ന് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടേതെന്ന് സംശയിക്കുന്ന ശബ്ദ സന്ദേശം ലഭിച്ചു. കണ്ണൂരിലെ ആളാണ് ഈ സന്ദേശം അയച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ജയിലിലുള്ള സുനിയുടെ സന്ദേശം ഇയാൾക്കെങ്ങനെ ലഭിച്ചുവെന്നതടക്കം പരിശോധിച്ചുവരുകയാണ്. ശബ്ദത്തിെൻറ ആധികാരികത ഉറപ്പാക്കാൻ ഫോൺ സൈബർ ഫോറൻസിക് വിഭാഗത്തിന് കൈമാറേണ്ടിവരുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന റൂറൽ എസ്.പി എ. ശ്രീനിവാസ് പറഞ്ഞു.
കാരിയറായി പ്രവർത്തിച്ച അഷ്റഫ് അവസാനമായി കടത്തിയ രണ്ടുകിലോ സ്വർണം കൊടുവള്ളിയിലെ ഉടമകളറിയാതെ മറിച്ചത് കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ സുഹൃത്തായ നാദാപുരം സ്വദേശിക്കാണ്. നേരത്തെ അരക്കോടിയോളം രൂപ കവർന്ന കേസിലെ പ്രതിയായ ഇയാൾക്ക് സ്വർണം കൈമാറിയതോെട 10 ലക്ഷം രൂപ അഷ്റഫിന് പ്രതിഫലം കിട്ടിയതായും പൊലീസിന് വിവരം ലഭിച്ചു. ഇതോടെയാണ് ഈ വഴിക്ക് അന്വേഷണം വ്യാപിപ്പിച്ചത്. കൂടുതൽ തെളിവുകൾ ശേഖരിച്ചശേഷം കൊടി സുനിയേയും അർജുൻ ആയങ്കിയെയും കോടതി അനുമതിയോടെ ചോദ്യം ചെയ്യും. സ്വർണക്കടത്തിൽ സമഗ്രാന്വേഷണം നടത്തുക കസ്റ്റംസായിരിക്കും. കസ്റ്റംസ് അധികൃതർ കഴിഞ്ഞ ദിവസം കൊയിലാണ്ടി സ്റ്റേഷനിലെത്തി അഷ്റഫിെൻറ മൊഴിയെടുത്തിരുന്നു. വിവരങ്ങൾ ശേഖരിച്ച സംഘം ഉടൻ കേസ് രജിസ്റ്റർ ചെയ്തേക്കും.
െകാടുവള്ളി സംഘത്തിനായി സ്വർണം കടത്തിയെന്ന് സമ്മതിച്ച അഷ്റഫ്, സ്വർണം നാദാപുരം സ്വദേശിയുൾപ്പെട്ട കണ്ണൂരിലെ ക്വട്ടേഷൻ സംഘം കവർന്നതായി മൊഴിയെടുക്കവെ വെളിപ്പെടുത്തിയിരുന്നു. സ്വർണം കവർച്ച ചെയ്യപ്പെട്ടെന്ന് കൊടുവള്ളിയിൽനിന്നെത്തിയവരോട് പറഞ്ഞെങ്കിലും അവർ വിശ്വസിച്ചില്ല. തുടർന്നും ഭീഷണിപ്പെടുത്തിയതോെടയാണ് കണ്ണൂരിലുള്ളവർ കൊടി സുനിയുടെ ശബ്ദസന്ദേശമയച്ചുതന്നതെന്നാണ് അഷ്റഫ് പറഞ്ഞത്. കവർന്ന സ്വർണം തിരിച്ചുകിട്ടാൻ െകാടുവള്ളിയിലെ ചിലർ ഒരുമാസത്തിലേറെയായി അഷ്റഫിന് പിന്നാലെയുണ്ടായിരുന്നു. കണ്ണൂർ സംഘത്തിലെ പലരും കരിപ്പൂർ കേസിൽ പൊലീസ് വലയിലായതോടെ ഇനി ആ ഭീഷണിയുണ്ടാവില്ലെന്നുറപ്പിച്ചാണ് തട്ടിക്കൊണ്ടുപോയത്. അഷ്റഫിൽനിന്ന് വ്യാഴാഴ്ചയും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.
ഞാനാ, സുനിയാണേ... കൊടിയാ..
'ഞാനാ... സുനിയാണേ... കൊടിയാ... കൊയിലാണ്ടിയിലെ അഷ്റഫിെൻറ കൈയിലെ സാധനം നമ്മുടെ കമ്പനിയാ കൊണ്ടുപോയത്. ഇനി അതിെൻറ പിറകേ നടക്കണ്ട. കൊണ്ടന്ന ചെക്കനൊന്നും അറിയൂല. അതോണ്ട് ആരോടും ഒന്നും പറയണ്ട. നമ്മുടെ കമ്പനിയാന്ന്. അറിയുന്ന ആളുകളോട് ഇയ്യ് കാര്യങ്ങൾ പറഞ്ഞ് കൊടുത്തേക്ക്' -എന്നാണ് കൊടി സുനിയുടേതെന്ന് പൊലീസ് സംശയിക്കുന്ന ശബ്ദസന്ദേശത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.