കടലുണ്ടി: റെയിലിനു കുറുകെ അടിപ്പാത നിർമിച്ച് എട്ടു വർഷം പിന്നിട്ടിട്ടും മറുകര കടക്കാൻ മറ്റുവഴി തേടേണ്ട ഗതികേടിലാണ് മണ്ണൂർ വടക്കുമ്പാട് നിവാസികൾ. ഒരാൾ പൊക്കത്തിൽ വെള്ളം കെട്ടിനിൽക്കുന്ന ഇവിടത്തെ അടിപ്പാത വെറുമൊരു കാഴ്ചവസ്തുവാണ്. മൂന്നു കോടി രൂപ ചെലവിട്ട് 2014ൽ നിർമിച്ച അടിപ്പാതയിലൂടെ മഴക്കാലത്ത് യാത്ര അസാധ്യം. ബസ് ടെർമിനലിനു സമീപത്തെ മതിൽ ചാടിക്കടന്ന് റെയിൽപാളത്തിലൂടെയാണ് പലരും മറുകരയെത്തുന്നത്. വാഹനങ്ങൾ മണ്ണൂർ റെയിൽ ലെവൽ ക്രോസ് വഴി വേണം പോകാൻ.
നാട്ടുകാരുടെ നിരന്തര പരിശ്രമത്തെ തുടർന്ന് 2014ലാണ് വടക്കുമ്പാട് അടിപ്പാത നിർമിച്ചത്. എന്നാൽ, അനുബന്ധ റോഡ്, ഓട എന്നിവയുടെ നിർമാണം ഇതുവരെ പൂർത്തിയാക്കിയില്ല. റെയിലിനു പടിഞ്ഞാറു ഭാഗത്ത് ഭൂമി ഏറ്റെടുത്താൽ മാത്രമേ അപ്രോച്ച് റോഡ് നിർമിക്കാനാകൂ. ഇതിനു പഞ്ചായത്ത് തീരുമാനമെടുത്ത് പദ്ധതി തയാറാക്കിയെങ്കിലും സമയബന്ധിതമായി നടപ്പാക്കാനായില്ല. റോഡിന് ആവശ്യമായ ഭൂമി കണ്ടെത്തി വില നിർണയ നടപടികൾ പൂർത്തിയാക്കി ഏറ്റെടുക്കലിന് കാത്തിരിക്കുകയാണ് പഞ്ചായത്ത്.
മഴ പെയ്താൽ ഇരുവശത്തുനിന്നുമുള്ള വെള്ളം ഒഴുകിയെത്തി അടിപ്പാതയിൽ കെട്ടിനിൽക്കും. മഴ മാറി വെള്ളം വറ്റുന്നതു വരെ ഇതുവഴി യാത്രപോകാനും പറ്റില്ല.
മുരുകല്ലിങ്ങൽ, പറവഞ്ചേരിപാടം, കോണത്ത്, വടക്കുമ്പാട്, ആലുംകുളം, കൊടപ്പുറം തോട്, എടച്ചേരി എന്നിവിടങ്ങളിലുള്ളവർക്കാണ് യാത്രദുരിതം കൂടുതൽ. വടക്കുമ്പാട് അങ്ങാടിയിൽ രണ്ട് റേഷൻ കടകളുണ്ട്. പാളം കടന്നുവരാൻ മാർഗമില്ലാത്തതിനാൽ റെയിലിനു പടിഞ്ഞാറു ഭാഗത്തുള്ളവർ ഏറെ പ്രയാസപ്പെട്ടാണ് റേഷൻ വാങ്ങാൻ എത്തുന്നത്.
മഴ മാറിയാൽ സേവനസന്നദ്ധരായ യുവാക്കൾ പമ്പ് സെറ്റ് എത്തിച്ച് അടിപ്പാതയിലെ വെള്ളം വറ്റിക്കുകയാണ് പതിവ്. വാഹന ഗതാഗത സൗകര്യം ഒരുക്കാൻ പറ്റില്ലെങ്കിൽ മഴക്കാലത്ത് താൽക്കാലികമായി നടന്നുപോകാനുള്ള മാർഗം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. അടിപ്പാത വന്നാൽ യാത്രദുരിതം അകലുമെന്ന കണക്കുകൂട്ടൽ തെറ്റിയതോടെ ജനം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
നാട്ടുകാർ സംഘടിക്കുകയും കഴിഞ്ഞ ദിവസം കൺവെൻഷൻ നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 10ന് കടലുണ്ടി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് നാട്ടുകാർ അറിയിച്ചു. ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ സമരമുറകളുമായി മുന്നോട്ടുപോകുമെന്നും നാട്ടുകാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.