അനഗേഷ്
ലഹരി വിൽപന: മൂന്നുവർഷം ഒളിവിൽ കഴിഞ്ഞ സൂത്രധാരൻ അറസ്റ്റിൽ
കോഴിക്കോട്: ദക്ഷിണേന്ത്യയിലെ വിവിധ ഭാഗങ്ങളിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പുതിയങ്ങാടി കൊരണി വയൽ അനഗേഷിനെയാണ് (24) ബംഗളൂരുവിലെ ഒളിത്താവളത്തിൽനിന്ന് ഡി.സി.പി കെ.ഇ. ബൈജുവിന്റെ കീഴിലെ സ്പെഷൽ ആക്ഷൻ ഗ്രൂപ്പും സബ് ഇൻസ്പെക്ടർ നിമിൻ കെ. ദിവാകരന്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസും ചേർന്ന് പിടികൂടിയത്.
2020 നവംബറിൽ ചേവായൂർ പൊലീസും ഡൻസാഫും ചേർന്ന് 16 കിലോ കഞ്ചാവ് പാറോപ്പടിയിലെ മുറിയിൽനിന്ന് പിടികൂടിയിരുന്നു. ഈ മുറി അനഗേഷ് വാടകക്കെടുത്തതായിരുന്നു. കേസിൽ നാലുപേർ അറസ്റ്റിലായെങ്കിലും അന്ന് അനഗേഷ് പൊലീസിനെ വെട്ടിച്ച് മുങ്ങി.
പിന്നീട് ഇയാളുടെ ബൈക്ക് കസ്റ്റഡിയിലെടുത്തെങ്കിലും ഉടമാവകാശം സഹോദരന്റെ പേരിലേക്ക് മാറ്റി ബൈക്ക് സ്റ്റേഷനിൽനിന്ന് ഇറക്കിക്കൊണ്ടുപോയി. പിന്നീടൊരിക്കൽ പിടികൂടാൻ ചെന്നപ്പോൾ പൊലീസിനുനേരെ നായെ അഴിച്ചുവിട്ടും ഇയാൾ രക്ഷപ്പെട്ടു. മാസങ്ങൾക്കുമുമ്പ് ഇയാളെ അന്വേഷിച്ച് ബംഗളൂരുവിലെത്തിയെങ്കിലും പൊലീസിനെ കണ്ട് ഇയാൾ കാറിൽ രക്ഷപ്പെട്ടു.
അതിനുശേഷം സ്ഥിരമായി ഒരുസ്ഥലത്ത് തങ്ങാതെ പലയിടങ്ങളിൽ സംഘാംഗങ്ങളുടെ കൂടെ മാറിമാറി താമസിക്കുകയായിരുന്നു. അതിനിടെ രക്ഷപ്പെടാനുപയോഗിച്ച കാർ പിന്നീട് കാമുകിയുടെ സഹോദരനും സുഹൃത്തും നാട്ടിലെത്തിക്കുകയും ചെയ്തിരുന്നു. പൊലീസ് സാന്നിധ്യമറിയിക്കാൻ പല സ്ഥലങ്ങളിലും ലഹരിക്കടിമകളായ നിരവധി യുവാക്കളെ ഇയാൾ നിയോഗിക്കുകയും ചെയ്തിരുന്നു.
ഇതെല്ലാം തരണം ചെയ്താണ് അന്വേഷണ സംഘം ബംഗളൂരുവിലേക്ക് തിരിച്ച് ദിവസങ്ങളോളം നിരീക്ഷിച്ച് താവളം കണ്ടെത്തി ഇയാളെ പിടികൂടിയത്. നേരത്തേ പൊലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ട ഇയാൾ തിരുപ്പതി, മുംബൈ, ഹിമാചൽപ്രദേശ്, ബംഗളൂരു എന്നിവിടങ്ങളിൽ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു.
ഇയാളുടെ സംഘത്തിൽപെട്ട ചിലർ കോഴിക്കോട് കേന്ദ്രീകരിച്ച് രാസലഹരി വിപണനം ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചുവരുകയാണ്. കൂടാതെ ഫോൺ പരിശോധിച്ചതിൽ കണ്ട പണമിടപാടുകളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
സ്പെഷൽ ആക്ഷൻ ഗ്രൂപ് സബ് ഇൻസ്പെക്ടർ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, എ.കെ. അർജുൻ, സുമേഷ് ആറോളി, രാകേഷ് ചൈതന്യം, ചേവായൂർ സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടർ സജി, സി.പി.ഒ ബൈജു തേറമ്പത്ത്, സൈബർ സെല്ലിലെ സൈലേഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.