ലോക മനസികാരോഗ്യദിനത്തിന്റെ ഭാഗമായി കുതിരവട്ടം
മാനസിക ആരോഗ്യ ആശുപത്രിയിൽ നടക്കുന്ന ചിത്ര പ്രദർശനത്തിൽ മദനൻ ചിത്രം വരക്കുന്നു. ഉദ്ഘാടക സുരഭി ലക്ഷ്മി സമീപം
കോഴിക്കോട്: മനോരോഗികൾ അകറ്റിനിർത്തപ്പെടേണ്ടവരല്ലെന്നും കൃത്യമായ ശാസ്ത്രീയ ചികിത്സയും പരിചരണവും നൽകി അവരെ ചേർത്തുനിർത്തണമെന്നുമുള്ള സന്ദേശം പകർന്ന് കോഴിക്കോട് മാനസികാരോഗ്യകേന്ദ്രത്തിൽ കാൻവാസ് പെയിന്റിങ്ങും പ്രദർശനവും തുടങ്ങി. മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ചാണ് രണ്ടുദിവസം നീളുന്ന എസ്പെരൻസ ബിഗ് കാൻവാസ് പെയിന്റിങ്ങും പ്രദർശനവും സംഘടിപ്പിച്ചത്.
മനസ്സിനെയും മാനസികാരോഗ്യത്തേയും കുറിച്ച് കൃത്യമായ അവബോധം നൽകുന്നതിന് മെഡിക്കൽ കോളജ് ഗവ. നഴ്സിങ് കോളജ് വിദ്യാർഥികൾ സംഘടിപ്പിച്ച മൈൻഡ് മാറ്റേഴ്സ് പ്രദർശനം ഏറെ ശ്രദ്ധയാകർഷിച്ചു. കൈതപ്പൊയിൽ ലിസ് കോളജ് വിദ്യാർഥികളുടെ സൈക് 23, 150 വർഷം പൂർത്തിയാക്കുന്ന മാനസികാരോഗ്യ കേന്ദ്രത്തിന്റെ ചരിത്രം പറയുന്ന സ്മൃതിപഥം പ്രദർശനവും സംഘടിപ്പിച്ചിരുന്നു.
മാനസികരോഗികൾക്ക് ഇ.സി.ടി (ഇലക്ട്രോ കൺവൾസീവ് തെറപ്പി) നൽകുന്നതുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ മാറ്റന്നതിന് രണ്ടുതരം ഇ.സി.ടി മെഷീനും എക്സിബിഷനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ബോധവത്കരണ പരിപാടി നടി സുരഭി ലക്ഷ്മി ഉദ്ഘാടനം ചെയ്തു. മാനസികപ്രശ്നങ്ങൾ അനുഭവപ്പെടുമ്പോൾ സ്വയം ചികിത്സതേടാൻ ആരും മടിക്കരുതെന്നും രോഗം മാറിയിട്ടും മാനസികരോഗികളെ ഏറ്റെടുക്കാൻ ബന്ധുക്കൾ തയാറാവാത്തത് ഖേദകരമാണെന്നും സുരഭി ലക്ഷ്മി പറഞ്ഞു.
കാൻവാസ് ചിത്രംവര ആർട്ടിസ്റ്റ് മദനനും ഉദ്ഘാടനം ചെയ്തു. ഡോ. ഹാഫിസ് മുഹമ്മദ് മുഖ്യാതിഥിയായി. ഡി.എം.ഒ ഡോ. രാജാറാം അധ്യക്ഷത വഹിച്ചു. ഡോ. ബിന്ദു തോമസ്, ഡോ. ശിവദാസൻ, സി.എ. സുജിത് കുമാർ, വി. ലിനോ മധുസൂദനൻ, ഡോ. ലാലു ജോൺസ്, എസ്.എസ്. വിനോദ് എന്നിവർ സംസാരിച്ചു. പ്രദർശനം ചൊവ്വാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.