വടകര: വടകര ഗവ. താലൂക്ക് ആശുപത്രിയെ ജില്ല ആശുപത്രിയായി ഉയർത്തിയെങ്കിലും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തത് ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാക്കി. പകർച്ചവ്യാധികൾ ഉൾപ്പെടെ പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ആശുപത്രി രോഗ ശയ്യയിൽ കിടക്കുന്നത്. ജില്ല ആശുപത്രിയായി ഉയർത്തിയത് പേരിൽ മാത്രം ഒതുങ്ങുകയാണ്.
ആവശ്യത്തിന് സ്റ്റാഫ് പാറ്റേണും ഡോക്ടർമാരെ നിയമിക്കാത്തതുമാണ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചത്. ത്വഗ് രോഗമുൾപ്പെടെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ ഒഴിവുകൾ മാസങ്ങളായി ഒഴിഞ്ഞു കിടക്കുകയാണ്.
ആശുപത്രിയിൽ ആവശ്യത്തിന് സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ നിയമിക്കുന്നതിന് തടസ്സമാകുന്നതെന്നാണ് ആരോഗ്യ വകുപ്പ് വാദം. എന്നാൽ ആശുപത്രിയിൽ 220 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുണ്ട്. കൂടാതെ ഡയാലിസിസിന് വിധേയമാകുന്ന 40 പേരെ ചികിത്സിക്കാനും സൗകര്യമുണ്ട്. നബാർഡിന്റെ സഹായത്തോടെ നിർമിക്കുന്ന കെട്ടിട നിർമാണം അന്ത്യഘട്ടത്തിലാണ്.
83 കോടി ചെലവിൽ ആശുപത്രിയിൽ നിർമിക്കുന്ന 300 കിടക്കകളുള്ള അഞ്ചുനില കെട്ടിട നിർമാണം ഉടൻ തുടങ്ങും. അടിസ്ഥാന സൗകര്യങ്ങളിൽ ഏറെ മുന്നോട്ട് കുതിക്കുന്ന ആശുപത്രിയാണ് അവഗണിക്കപ്പെടുന്നത്. ആശുപത്രിയിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് ആരോഗ്യമന്ത്രിക്ക് നിവേദനം നൽകി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ആശുപത്രി ഭരണസമിതി അംഗം എടയത്ത് ശ്രീധരൻ എന്നിവർ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.