കൊയിലാണ്ടി: കോവിഡ് രൂക്ഷത കുറഞ്ഞ് പൊതുജീവിതം സാധാരണ നിലയിലേക്ക് കടന്നെങ്കിലും ഓട്ടോറിക്ഷ മേഖലയിലെ പ്രതിസന്ധി വിട്ടുമാറിയില്ല. ഒരു ട്രിപ്പ് കിട്ടാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. വളരെ തുച്ഛമായ വരുമാനമാണ് ഇപ്പോൾ ലഭിക്കുന്നത്.
നഗരത്തിൽ 600-700 രൂപയുടെ ഓട്ടമാണ് മിക്ക ഓട്ടോകൾക്കും ലഭിക്കുന്നത്. ഇതിൽ ഇന്ധനച്ചെലവ്, വാടകക്കെടുക്കുന്ന ഓട്ടോയാണെങ്കിൽ ഉടമക്കുനൽകേണ്ട വാടക, ഭക്ഷണ ചെലവ് എന്നിവ കഴിച്ചാൽ പിന്നെ കാര്യമായൊന്നും കീശയിലുണ്ടാകില്ല. ഓട്ടോ ഓടിച്ചുമാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്ന് 30 വർഷമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന കെ.കെ. രാധാകൃഷ്ണൻ പറയുന്നു.
പണമിടപാട് സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്ത് ഓട്ടോ വാങ്ങിയവരുടെ തിരിച്ചടവ് മുടങ്ങുകയാണ്. നഗരസഭയിൽ 750 ഓട്ടോകൾക്കാണ് പെർമിറ്റുള്ളത്. ഇതിൽ 600ഉം കൊയിലാണ്ടി അങ്ങാടിയിൽ ഓടുന്നവയാണ്. പെർമിറ്റില്ലാത്ത ഓട്ടോകളും എത്താറുണ്ട്. മുമ്പൊക്കെ ഗ്രാമപ്രദേശങ്ങളിലേക്ക് കൂടുൽ ഓട്ടം കിട്ടാറുണ്ടായിരുന്നു. അതുപോലെ ഗ്രാമങ്ങളിൽനിന്ന് നഗരത്തിലേക്കും. സൂപ്പർ മാർക്കറ്റുകളും ഹൈപ്പർ മാർക്കറ്റുകളും ഗ്രാമങ്ങളിൽ സുലഭമായതോടെ ആളുകളുടെ ഓട്ടോ വിളികൾ കുറഞ്ഞു. സ്വന്തമായി വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണവും കൂടി. ഉൾപ്രദേശങ്ങളിലുൾപ്പെടെ ഓട്ടോറിക്ഷകൾ വർധിച്ചു.
വലിയ സാമ്പത്തികമുടക്കില്ലാതെ എളുപ്പം കടന്നുവരാൻ കഴിയുന്ന തൊഴിൽമേഖല കൂടിയാണിത്. നിർമാണ മേഖലയിൽ ജോലി ചെയ്യുന്നവരുൾപ്പെടെ തൊഴിൽ ഇല്ലാത്ത സമയങ്ങളിൽ ഓട്ടോ ഡ്രൈവർമാരായി മാറി രംഗത്തുവരാറുണ്ട്.
ഇതെല്ലാം പ്രതിസന്ധിക്ക് കാരണമായാണ് പറയപ്പെടുന്നത്. ഇനി ഓണക്കാലത്തെ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഓട്ടോ ഡ്രൈവർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.