കോഴിക്കോട്: കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയത്തിന്റെ ബലക്ഷയം പരിഹരിക്കാൻ മദ്രാസ് ഐ.ഐ.ടി തയാറാക്കിയ റിപ്പോർട്ട് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയുടെ പരിശോധന എവിടെയുമെത്തിയില്ല. സംസ്ഥാന ധനകാര്യ വകുപ്പിലെ ചീഫ് ടെക്നിക്കൽ എക്സാമിനർ എസ്. ഹരികുമാർ, കോഴിക്കോട് എൻ.ഐ.ടി സ്ട്രക്ചറൽ എൻജിനീയറിങ് വിഭാഗം സീനിയർ പ്രഫസർ ഡോ. ടി.എം. മാധവൻ പിള്ള തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയെയാണ് സർക്കാർ ഒക്ടോബർ അവസാനവാരം നിയോഗിച്ചത്.
രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ആദ്യം സർക്കാർ നിർദേശിച്ചിരുന്നതെങ്കിലും പല കാരണങ്ങൾ പറഞ്ഞ് വൈകി. അതിനിടെ കഴിഞ്ഞ മാസം സംഘം തയാറാക്കിയ ഇടക്കാല റിപ്പോർട്ട് മദ്രാസ് ഐ.ഐ.ടിക്ക് സർക്കാർ അയച്ചുകൊടുത്തെങ്കിലും ശിപാർശകൾ ഐ.ഐ.ടി തള്ളി.
കെട്ടിടത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഒന്നുമില്ലെന്നും കെട്ടിടത്തിന് വഹിക്കാവുന്ന ലോഡ്, വിൻഡ് എഫക്ട്, എർത്ത്ക്വെയ്ക് റസിസ്റ്റന്റ് തുടങ്ങിയവ കണക്കാക്കിയതിൽ മാറ്റം വരുത്തിയാൽ മതിയെന്നുമുള്ള ഒഴുക്കൻ റിപ്പോർട്ടാണ് സംസ്ഥാനം നിയോഗിച്ച സംഘം നൽകിയത് എന്നാണ് വിവരം.
ഐ.ഐ.ടി ശാസ്ത്രീയമായി പരിശോധിച്ച് തയാറാക്കിയ റിപ്പോർട്ട് തിരുത്തണമെന്ന സംസ്ഥാന വിദഗ്ധ സമിതിയുടെ ശിപാർശ സർക്കാറിനെ ആശയക്കുഴപ്പത്തിലാക്കി. സമ്പൂർണ റിപ്പോർട്ട് വരട്ടെയെന്ന നിലപാടിലാണിപ്പോൾ സർക്കാർ. സംസ്ഥാനം നിയോഗിച്ച സമിതിയുടെ അന്തിമ റിപ്പോർട്ട് ഇതുവരെ ലഭിച്ചില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു 'മാധ്യമ'ത്തോടു പറഞ്ഞു. റിപ്പോർട്ട് ലഭിച്ചാലേ നടപടികളുമായി മുന്നോട്ടുപോകാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബറിലാണ് 14 നില വ്യാപാര സമുച്ചയത്തിന് ഗുരുതരമായ ബലക്ഷയമുണ്ടെന്ന ഐ.ഐ.ടിയുടെ പഠന റിപ്പോർട്ട് സർക്കാറിന് ലഭിച്ചത്. ബലപ്പെടുത്തൽ പ്രവൃത്തി ഐ.ഐ.ടിയുടെ നേതൃത്വത്തിൽതന്നെ ഉടൻ നടത്താൻ സർക്കാർ തീരുമാനിച്ചുവെങ്കിലും പലതരം വിമർശനങ്ങളും ഉയർന്നതോടെ സർക്കാർ വിദഗ്ധ സമിതിയെ വെച്ചു. സമിതിയുടെ വിശദ റിപ്പോർട്ട് അനിശ്ചിതമായി വൈകുകയാണ്. നിർമാണത്തിലെ അഴിമതി സംബന്ധിച്ച് നടന്ന വിജിലൻസ് അന്വേഷണം മുന്നോട്ടുപോവണമെങ്കിലും സംസ്ഥാന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.