തൊഴിലുറപ്പിന്‍റെ നിയന്ത്രണം ജില്ലയിലും തിരിച്ചടി

കോഴിക്കോട്: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിച്ചുള്ള കേന്ദ്രസർക്കാറിന്‍റെ പുതിയ നയം നടപ്പിലാക്കുന്നതോടെ ജില്ലയിൽ നിരവധി പഞ്ചായത്തുകളിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തിരിച്ചടിയാകും. നിലവിലുള്ള തൊഴിൽദിനങ്ങൾ കുറക്കുന്നതിനുപുറമെ, ഒരേ സമയം 20 പ്രവൃത്തി മാത്രമേ പാടുള്ളൂവെന്ന നിബന്ധന കൂടുതൽ വാർഡുകളുള്ള പഞ്ചായത്തുകളിൽ തൊഴിൽദിനങ്ങൾ വീണ്ടും കുറക്കും. നിലവിൽ ഒരു വാർഡിൽത്തന്നെ നിരവധി പ്രവൃത്തികൾ നടക്കുന്നുണ്ട്. വർഷം 100 തൊഴിൽദിനങ്ങൾ ഓരോ തൊഴിലുറപ്പ് തൊഴിലാളിക്കും ഉറപ്പാക്കാനുള്ള ശ്രമത്തിനിടെയാണ് കേന്ദ്ര സർക്കാറിന്‍റെ പുതിയ ഉത്തരവ്.

ജില്ലയിൽ 20ൽ കൂടുതൽ വാർഡുകളുള്ള 12 പഞ്ചായത്തുകളുണ്ട്. ചാത്തമംഗലം, ചോറോട്, കക്കോടി, കോടഞ്ചേരി, കുന്ദമംഗലം, മണിയൂർ, നാദാപുരം, ഒളവണ്ണ, പെരുവയൽ, പുതുപ്പാടി, തിരുവള്ളൂർ, ഉണ്ണികുളം എന്നീ പഞ്ചായത്തുകളിലാണ് 20ൽ കൂടുതൽ വാർഡുകളുള്ളത്. കേന്ദ്രസർക്കാർ നിർദേശം നടപ്പാക്കിയാൽ ഈ പഞ്ചായത്തുകളിലെ 20 വാർഡുകളിൽ മാത്രമേ ഒരേ സമയം തൊഴിലുറപ്പ് ജോലികൾ നടത്താനാവൂ. റൊട്ടേഷൻ അടിസ്ഥാനത്തിൽ ഇവർക്ക് ജോലി ലഭിക്കുമെങ്കിലും 100 തൊഴിൽ ദിനങ്ങൾ കിട്ടില്ല. വർഷം 50 തൊഴിൽദിനങ്ങൾ പോലും കിട്ടാത്ത അവസ്ഥയുണ്ടാകും. 20 വാർഡിൽ കുറഞ്ഞ പഞ്ചായത്തുകളിലും തൊഴിൽദിനങ്ങൾ കുറയും. നിലവിൽ 310.11 രൂപയാണ് തൊഴിലുറപ്പ് തൊഴിലാളിക്ക് ഒരു ദിവസം കിട്ടുന്ന കൂലി. 100 തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കാൻ പെടാപ്പാട് പെടുന്നതിനിടെയാണ് പുതിയ നിർദേശം ആശങ്കയാകുന്നത്. പിന്നാക്ക വിഭാഗങ്ങളടക്കം നിരവധി പേരുടെ ആശ്രയമാണ് തൊഴിലുറപ്പ് പദ്ധതി. ഉത്തരേന്ത്യയിൽ പദ്ധതി പൂർത്തിയാക്കുന്നതിലെ പോരായ്മയുടെ പേരിൽ സർക്കാർ കൊണ്ടുവരുന്ന നയങ്ങളാണ് സംസ്ഥാനത്തും തിരിച്ചടിയാകുന്നത്.

അതേസമയം, ഒരേസമയം 20 ജോലികളേ പാടുള്ളൂവെന്ന ഉത്തരവ് കിട്ടിയിട്ടില്ലെന്നാണ് പഞ്ചായത്ത് സെക്രട്ടറിമാർ പറയുന്നത്. ചില പഞ്ചായത്ത് സെക്രട്ടറിമാർക്ക് ഇത്തരമൊരു ഉത്തരവിനെക്കുറിച്ച് അറിവുമില്ല. ആഗസ്റ്റ് ഒന്നായ തിങ്കളാഴ്ച മുതൽ പുതിയ നിബന്ധനകൾ നടപ്പാക്കുമെന്നായിരുന്നു കേന്ദ്രസർക്കാർ അറിയിച്ചത്. എന്നാൽ, പഴയ രീതിയിൽ തന്നെയാണ് തിങ്കളാഴ്ചയും തൊഴിലുറപ്പ് ജോലികൾ നടന്നത്.

ജില്ലയിൽ 12 ബ്ലോക്കുകളിലായി 999 പ്രവൃത്തികളാണ് തിങ്കളാഴ്ച നടത്തിയത്. 20 വാർഡുകളിൽ കൂടുതലുള്ള ഉണ്ണികുളം പഞ്ചായത്തിൽ 30 ജോലികളാണ് നടത്തിയത്. ജില്ലയിൽ അടുത്തകാലത്തായി ഏറ്റവും കൂടുതൽ ജോലി നടന്ന ദിവസം കൂടിയാണ് തിങ്കളാഴ്ച.

Tags:    
News Summary - control of thoyilurapp program also backfired in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.