നഗരം സ്മാർട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം മന്ത്രി
കെ. രാജൻ നിർവഹിക്കുന്നു
കോഴിക്കോട്: നഗരപരിധിയിലെ നിർമാണം പൂർത്തിയാക്കിയ രണ്ട് സ്മാർട്ട് വില്ലേജ് ഓഫിസുകൾ മന്ത്രി കെ. രാജൻ നാടിന് സമർപ്പിച്ചു. 2024 നവംബർ ഒന്നിന് മുമ്പായി കേരളത്തിലെ അതിദരിദ്രരായ എല്ലാ ഭൂരഹിതരെയും ഭൂമിയുടെ ഉടമകളാക്കുന്ന ഉത്തരവാദിത്തം റവന്യൂ വകുപ്പ് ഏറ്റെടുക്കുന്നുവെന്ന് മന്ത്രി കെ. രാജൻ.
ലാൻഡ് ട്രൈബ്യൂണലിൽ കെട്ടിക്കിടക്കുന്ന മുഴുവൻ കേസുകളും തരംതിരിച്ച് പട്ടയം കൊടുക്കേണ്ട സ്ഥലങ്ങളിൽ പട്ടയം കൊടുക്കാനുള്ള നടപടിയും സ്വീകരിക്കുമെന്നും വലിയങ്ങാടിയിലുള്ള നഗരം സ്മാർട്ട് വില്ലേജ് ഓഫിസും കസബ പൊലീസ് സ്റ്റേഷന് സമീപം കസബ വില്ലേജ് ഓഫിസിന്റെയും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. ഈ സർക്കാറിന്റെ കാലത്ത് തന്നെ ഡിജിറ്റൽ റീസർവേ കേരളത്തിൽ പൂർത്തീകരിക്കും. ഡിജിറ്റൽ സർവേയിലൂടെ കേരളത്തെ അളന്ന് തിട്ടപ്പെടുത്തുകയാണെന്നും ഒരാളുടെയും അതിർത്തി ഇനി കുറ്റി പിഴുതെറിഞ്ഞാൽ മാറ്റാൻ സാധിക്കുന്നതല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഓഫിസുകൾ സ്മാർട്ട് ആകുന്നതോടൊപ്പം സാധാരണക്കാരന്റെ ആവശ്യങ്ങൾ പരിഹിച്ചുകൊണ്ട് ജീവനക്കാരും സ്മാർട്ട് ആകണമെന്നും മന്ത്രി ഓർമിപ്പിച്ചു.
അഹമ്മദ് ദേവർകോവിൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ജില്ല നിർമിതി കേന്ദ്രം പ്രോജക്ട് മാനേജർ ഡെന്നീസ് മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല കലക്ടർ സ്നേഹിൽകുമാർ സിങ്, കൗൺസിലർമാരായ പി.കെ. നാസർ, എസ്.കെ അബൂബക്കർ, കെ. റംലത്ത്, പി. ദിവാകരൻ, സോഫിയ അനീഷ്, കെ. മൊയ്തീൻ കോയ, സബ് കലക്ടർ ഹർഷിൽ ആർ. മീണ, എ.ഡി.എം സി. മുഹമ്മദ് റഫീഖ് എന്നിവർ സംസാരിച്ചു. റീ ബിൽഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് സ്മാർട്ട് വില്ലേജ് ഓഫിസുകൾ പണി പൂർത്തീകരിച്ചത്. വില്ലേജ് ഓഫിസറുടെ മുറി, സ്പെഷൽ വില്ലേജ് ഓഫിസറുടെ മുറി, ഓഫിസ് ഏരിയ, ജീവനക്കാർക്കുള്ള ശൗചാലയം, കാത്തിരിപ്പ് കേന്ദ്രം, സ്റ്റോറേജ് മുറി, ഡൈനിങ് റൂം, പൊതുജനങ്ങൾക്കുള്ള ശൗചാലയം തുടങ്ങിയ സൗകര്യങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.