ലോകകപ്പിനെ വരവേൽക്കാൽ ഒരുങ്ങുന്ന നൈനാം വളപ്പിലെ കളിയാരാധകർ തങ്ങളുടെ ടീമിന്റെ ഫ്ലക്സ്ബോർഡുകളും കൊടികളുമായി നടത്തിയ ആഹ്ലാദപ്രകടനം
കോഴിക്കോട്: ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കാൻ നഗരത്തിലെ കാൽപന്തുകളിയുടെ ഹൃദയഭൂമിയായ നൈനാൻവളപ്പ് ഉണർന്നു.
വീഥികളുടെ ഇരുവശവും കെട്ടിയ പതാകകൾ കാറ്റിനൊപ്പം പാറിക്കളിക്കാൻ തുടങ്ങി. ഓരോ ലോക ടീമിന്റെയും ആരാധകർക്ക് മത്സരം നേരിൽ കണ്ട് ആഹ്ലാദിക്കാനും ആരവങ്ങളുയർത്താനും സുബൈർ നൈനാം വളപ്പിലിന്റെ നേതൃത്വത്തിൽ വർഷങ്ങളായി ഒരുക്കങ്ങൾ നടത്തുന്നുണ്ട്. കൈയിൽ കാശൊന്നുമില്ലെങ്കിലും വീട്ടിലെ ചടങ്ങുപോലെ എല്ലാറ്റിനും ഒരുക്കൂട്ടുകയാണ് ഫുട്ബാൾ കൂട്ടായ്മ. ഓരോ വീട്ടുമുറ്റത്തും കടയുടെ മുന്നിലും ടീമിന്റെ നിറങ്ങൾ, ഓരോ കുടുംബത്തിന്റെ ഹൃദയത്തിലും ഒരു ജയം കാത്തുള്ള ഇരിപ്പ്, തെരുവുകളിൽ വിവിധ നിറങ്ങളിലുള്ള ടീമിന്റെ പതാകകൾ...നൈനാംവളപ്പിൽ മറ്റ് കളി ലഹരിയിടങ്ങളിൽനിന്ന് വ്യത്യസ്തമാക്കുന്ന നിരവധി അടയാളങ്ങൾ തെളിഞ്ഞുകാണാം. നാട് ഇങ്ങനെ ഓരോ തവണയും അണിഞ്ഞൊരുങ്ങുന്നതൊന്നും വെറുതെയാകാറില്ല. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയുടെ കളി തിങ്ങിനിറഞ്ഞ ആരാധകർ കാണുന്നതിന്റെ ചിത്രം കാണാനിടയായ അർജന്റീന ജൂനിയേഴ്സ് ക്ലബ് വൈസ് പ്രസിഡന്റ് ഈ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത് ഈ കടലോര പട്ടണത്തിന് പൊൻതൂവലായിരുന്നു.
ജൂൺ 11ന് മെക്സികോയിൽ കിക്കോഫ് തുടങ്ങി ജൂലൈ 19ന് ന്യൂജഴ്സിയിൽ ഫൈനൽ മത്സരം അവസാനിക്കും വരെ ഈ തെരുവിലെ നാലാൾ കൂടുന്നിടത്തും നാട്ടു കവലകളിലും കുട്ടികൾക്കും മുതിർന്നവർക്കും ഇനി ചർച്ച ഫുട്ബാൾ മാത്രമായിരിക്കും. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തുന്ന കാൽപന്തുകളി ടീമുകൾക്കായി വലിയ സ്ക്രീനുകൾ ഒരുക്കി രാത്രിയെ ആഘോഷമാക്കാൻ നൈനാംവളപ്പ് ഹൃദയം തുറന്നുവെച്ചു കാത്തിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.