വടകര: വടകര ജില്ല ആശുപത്രിയിൽ ബയോകെമിസ്ട്രി അനലൈസർ പ്രവർത്തനരഹിതമായതുമൂലം പരിശോധനകൾ താളം തെറ്റി. രോഗികൾക്ക് ആശ്രയം സ്വകാര്യ ക്ലിനിക്കുകൾ. രണ്ടു മാസത്തോളമായി ബയോകെമിസ്ട്രി അനലൈസർ മെഷീൻ പണിമുടക്കിയിട്ട്.
പുതിയത് സ്ഥാപിക്കാനോ അറ്റകുറ്റപ്പണികൾ ചെയ്യാനോ അധികൃതർ തയാറാവാത്തതിനാൽ രോഗികൾ ആശുപത്രിക്ക് പുറത്തുള്ള ലാബുകളെയാണ് ആശ്രയിക്കുന്നത്. ബയോകെമിസ്ട്രി അനലൈസറിലൂടെ പരിശോധന നടത്തുന്ന യൂറിയ ക്രിയാറ്റിൻ, യൂറിക് ആസിഡ്, ലിപിഡ് പ്രൊഫൈൽ, എൽ.എഫ്.ടി, വൈറ്റമിൻ ഡി ഉൾപ്പെടെയുള്ള നിരവധി പരിശോധനകളാണ് ജില്ല ആശുപത്രിയിൽ നിലച്ചത്. നിർധനരായ രോഗികൾക്ക് ലാബ് പരിശോധനകൾ താങ്ങാനാത്ത സ്ഥിതിയാണ്.
സ്വകാര്യ സ്ഥാപനങ്ങൾ വൻ ലാഭം കൊയ്യുമ്പോൾ ആശുപത്രി അധികൃതർ മൗനം പാലിക്കുകയാണ്. മെഷീൻ അറ്റകുറ്റപ്പണികൾ ചെയ്യാത്തത് സ്വകാര്യ ലാബുകളെ സഹായിക്കാനാണെന്ന ആക്ഷേപവുമുയർന്നിട്ടുണ്ട്. വടകര ഗവ. ജില്ല ആശുപത്രിയിൽ ദിനം പ്രതി ആയിരത്തിലധികം രോഗികളാണ് ചികിത്സ തേടിയെത്തുന്നത്.
ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന രോഗികൾ ഉൾപ്പെടെയുള്ളവരുടെ ലാബ് പരിശോധനകൾ നിരവധിയാണ്. എച്ച്.എം.സിക്ക് ദിവസം ലാബ് വഴി 45000 രൂപവരെ വരുമാനമുണ്ടായിരുന്നു. ബയോകെമിസ്ട്രി അനലൈസർ പ്രവർത്തിക്കാത്തതോടെ എച്ച്.എം.സിയുടെ വരുമാനം പകുതിയായി കുറഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.