ബീച്ച് അക്വേറിയം
കോഴിക്കോട്: ബീച്ചിലെത്തുന്നവരുടെ കണ്ണിന് കുളിർമയേകുന്ന വർണ മത്സ്യക്കാഴ്ചകൾ ഒരുക്കി അക്വേറിയം പ്രവർത്തിക്കാനൊരുങ്ങുന്നു. കാഴ്ചക്കാർക്ക് പുത്തന്‍ അനുഭവമേകി ബീച്ച് അക്വേറിയം ഉടൻ പ്രവര്‍ത്തനസജ്ജമാകുമെന്ന് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ അധികൃതർ പറഞ്ഞു. അക്വേറിയം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അവസാന ഘട്ടത്തിലെത്തി. ഡി.ടി.പി.സിയുടെ അധീനതയിലുള്ള അക്വേറിയത്തിന്റെ ടെൻഡറെടുത്ത പേരാമ്പ്ര കൂരാച്ചുണ്ട് സ്വദേശി പ്രവൃത്തി പൂർത്തിയാക്കി അക്വേറിയം തുറക്കാനുള്ള ഒരുക്കത്തിലാണ്.
വിനോദസഞ്ചാര വകുപ്പിനു കീഴില്‍ 1995ലാണ് കോര്‍പറേഷന്റെ സ്ഥലത്ത് അക്വേറിയം സ്ഥാപിച്ചത്. പിന്നീട് ടൂറിസം വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ ഡി.ടി.പി.സി അക്വേറിയം നവീകരിക്കുകയായിരുന്നു. നക്ഷത്ര മത്സ്യത്തിന്റെ ആകൃതിയില്‍ ആരെയും ആകര്‍ഷിക്കും വിധത്തിലാണ് കെട്ടിടം. സന്ദര്‍ശകര്‍ക്കായി ഫുഡ് കോര്‍ട്ടും ഐസ്ക്രീം, പോപ്കോണ്‍ കൗണ്ടറുകളും അക്വേറിയത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല മത്സ്യമായ അരാപൈമ, മുതലയുടെ സാദൃശ്യമുള്ള അക്രമകാരിയായ അലിഗേറ്റര്‍, മത്സ്യങ്ങളില്‍ സുന്ദരിയായ അരോണ, അമേരിക്കയില്‍ നിന്നുള്ള അതിഥിയായി വൈറ്റ് ഷാര്‍ക്ക്, മനുഷ്യനെ വരെ ഭക്ഷിക്കുന്ന പിരാന തുടങ്ങിയവയെല്ലാം സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ലയൺസ് പാർക്കിന് സമീപം കടപ്പുറത്ത് 1995 മേയ് 22നാണ് അക്വേറിയം ഉദ്ഘാടനം ചെയ്തത്.
മുന്‍കാലങ്ങളില്‍ ഡി.ടി.പി.സി നേരിട്ടാണ് അക്വേറിയം നോക്കിനടത്തിയിരുന്നത്. പിന്നീട് ഡി.ടി.പി.സിയില്‍നിന്ന് കരാറെടുത്ത് സ്വകാര്യ കമ്പനിയാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി അക്വേറിയം നടത്തിയത്. നഷ്ടത്തെ തുടര്‍ന്ന് 2018ലെ പ്രളയ സമയത്ത് അക്വേറിയം അടച്ചുപൂട്ടി. ഈ ഘട്ടത്തിൽ കരാർ കാലാവധിയും അവസാനിച്ചിരുന്നു. പുതിയ ടെന്‍ഡര്‍ വിളിച്ച് അക്വേറിയം തുറക്കാൻ അധികൃതര്‍ ശ്രമിച്ചുവെങ്കിലും കരാര്‍ ഏറ്റെടുക്കാന്‍ ആരും മുന്നോട്ട് വന്നില്ല.
പിന്നീട് 2022 ആഗസ്റ്റ് മുതല്‍ മലബാര്‍ ടൂറിസം ആൻഡ് ട്രാവലിങ് സൊസൈറ്റി അക്വേറിയം വാടകക്ക് ഏറ്റെടുത്ത് നടത്തുകയായിരുന്നു. ഇവർ വാടക കുടിശ്ശിക വരുത്തിയതിനെത്തുടര്‍ന്ന് ഡി.ടി.പി.സി ടെൻഡര്‍ റദ്ദാക്കി പുതിയത് വിളിക്കുകയായിരുന്നു. ഇതിനെതിരെ സൊസൈറ്റി ഹൈകോടതിയെ സമീപിച്ചു. കുടിശ്ശിക തുക അടച്ചതിനുശേഷം ടെൻഡറില്‍ പങ്കെടുക്കാന്‍ ഹൈകോടതി സൊസൈറ്റിക്ക് നിര്‍ദേശം നല്കി. കുടിശ്ശികത്തുക ഇതുവരെയും സൊസൈറ്റി അടച്ചിട്ടില്ല. വാടകയിനത്തില്‍ നാലു ലക്ഷത്തോളം രൂപയാണ് സൊസൈറ്റി ഡി.ടി.പി.സിക്ക് നല്‍കാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.