കോഴിക്കോട്: ജില്ല ഭരണകൂടം നടപ്പാക്കുന്ന ‘ആദ്യം ആധാർ’ സമഗ്ര ആധാർ എൻറോൾമെന്റ് യജ്ഞത്തിന്റെ ആദ്യഘട്ട ക്യാമ്പുകൾ ജൂലൈ 23ന് നടക്കും. ജില്ലയിലെ മുഴുവനാളുകൾക്കും ആധാർ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ജില്ലയിലുടനീളം നടപ്പാക്കുന്ന പദ്ധതിയാണ് ‘ആദ്യം ആധാർ’. കൂടുതൽ രജിസ്ട്രേഷനുള്ള വാർഡുകൾ അടിസ്ഥാനപ്പെടുത്തി ക്ലസ്റ്റർ തിരിച്ചാണ് എൻറോൾമെന്റ് ക്യാമ്പുകൾ രൂപവത്കരിച്ചിട്ടുള്ളത്.
ജില്ലയിലാകെ 300ഓളം ക്യാമ്പുകളാണ് സജ്ജീകരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ്, വനിത ശിശു വികസന വകുപ്പ്, തപാൽ വകുപ്പ്, നാഷനൽ ഹെൽത്ത് മിഷൻ, അക്ഷയ കേന്ദ്രങ്ങൾ, ആരോഗ്യ വകുപ്പ്, ഐ.ടി മിഷൻ, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവയുടെ കൂട്ടായ പരിശ്രമഫലമായാണ് ജില്ലയിൽ പദ്ധതി നടപ്പാക്കുന്നത്. പ്രതിദിനം 20,000ത്തോളം പേരെ രജിസ്റ്റർ ചെയ്യാവുന്ന വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ക്യാമ്പുകൾക്ക് തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ നേരിട്ട് മേൽനോട്ടം വഹിക്കും. ആധാർ എടുത്തിട്ടില്ലാത്ത പൂജ്യം മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികളെയാണ് ആദ്യ ഘട്ടത്തിൽ കേന്ദ്രീകരിക്കുന്നത്. വാർഡ് തലങ്ങളിൽനിന്ന് അംഗൻവാടി, ആശാവർക്കർമാരാണ് വിവരശേഖരണം നടത്തുന്നത്. ജനപ്രതിനിധികളും ജില്ല കലക്ടർ, സബ് കലക്ടർ, അസി. കലക്ടർ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ തുടങ്ങിയ ഉന്നതതല ഉദ്യോഗസ്ഥർ തിരഞ്ഞെടുത്ത ക്യാമ്പുകളിൽ സന്ദർശനം നടത്തും. താലൂക്ക്, പഞ്ചായത്ത്തല ഉദ്ഘാടനങ്ങൾ സംഘടിപ്പിക്കും. ക്യാമ്പ് സജ്ജീകരണങ്ങൾക്ക് വാർഡ് കൗൺസിലറുടെ അധ്യക്ഷതയിൽ ആശാവർക്കർമാർ, അംഗൻവാടി വർക്കർമാർ, അക്ഷയ/പോസ്റ്റൽ വകുപ്പ് പ്രതിനിധികൾ, തദ്ദേശ വളന്റിയർമാർ, ആർ.ആർ.ടി അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തി ക്യാമ്പ് മാനേജ്മെന്റ് കമ്മിറ്റികൾ രൂപവത്കരിക്കും.
ഒരുക്കം വിലയിരുത്തുന്നതിന് ജില്ല കലക്ടർ എ. ഗീതയുടെ അധ്യക്ഷതയിൽ വിവിധ ഘട്ടങ്ങളായി യോഗം ചേർന്നിരുന്നു. ജില്ല കലക്ടറുടെ ഇന്റേൺസിന്റെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷൻ കേന്ദ്രീകരിച്ച് രൂപവത്കരിച്ച മിഷൻ ടീമാണ് ജില്ലതല ഏകോപനം നിർവഹിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.