റാഷിദ്
കാരശ്ശേരി: ലോകശാസ്ത്രജ്ഞരുടെ ഗവേഷണ മികവിന്റെ സൂചികയായ സയൻറിഫിക് ഇൻഡക്സിൽ സ്ഥാനം നേടിയിരിക്കുകയാണ് മുക്കം കറുത്തപറമ്പ് സ്വദേശി ഡോ. ടി.പി. റാഷിദ്. 2022 ജൂലൈ വരെയുള്ള പ്രശസ്ത അന്താരാഷ്ട്ര ശാസ്ത്രപ്രസിദ്ധീകരണങ്ങളിലെ പ്രബന്ധങ്ങൾ, അതിന് ലഭിക്കുന്ന സ്വീകാര്യത എന്നിവ മാനദണ്ഡമാക്കിയാണ് ലോകശാസ്ത്രജ്ഞരുടെ പട്ടികയിൽ ഇടംനേടാൻ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിന് കീഴിലെ ഓറിയന്‍റൽ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായ റാഷിദിനായത്.
ലോകത്തെ ശാസ്ത്രജ്ഞർ വിവിധ വിഷയങ്ങളിൽ നടത്തിയ ഗവേഷണഫലങ്ങളുടെ പ്രാധാന്യം എടുത്തുകാട്ടി പ്രസിദ്ധീകരിച്ച പട്ടികയിലാണ് റാഷിദ് ഇടംനേടിയത്. എച്ച് ഇൻഡക്‌സ്, ഐ.ടെൻ ഇൻഡക്സ് എന്നിവയാണ് റാങ്കിങ്ങിന്റെ അടിസ്ഥാനം. മാഗ്നെറ്റിക് റഫ്രിജറേറ്റർ എന്നതിലായിരുന്നു റാഷിദ് ഗവേഷണം നടത്തിയത്. റഫ്രിജറേറ്ററിലെയും എ.സിയിലെയും കൂളിങ്ങിന് പകരമായി പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത പുതിയ സാങ്കേതികവിദ്യയിലായിരുന്നു ഗവേഷണം. ഇതിനായി യൂറോപ്പിലെ സ്ലോവാക്ക് അക്കാദമി ഓഫ് സയൻസിൽ മൂന്ന് മാസം ഫെലോഷിപ്പോടെ ഗവേഷണം നടത്തിയിട്ടുണ്ട്.
നിരവധി അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിലും റാഷിദിന്റെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല, അമേരിക്കയിൽ വെച്ച് നടന്ന ഇന്റർനാഷനൽ സയൻസ് കോൺഫറൻസിൽ ക്ഷണം ലഭിക്കുകയും പേപ്പർ പ്രസന്റേഷൻ നടത്തുകയും ചെയ്തിട്ടുണ്ട്. ഇത് മുഖേന ഇന്ത്യൻ ഗവണ്മെന്റിന്റെ സയൻസ് വകുപ്പിലെ ട്രാവൽ ഗ്രാൻഡ് അവാർഡ് നേടുകയും ചെയ്തിട്ടുണ്ട്. സൂര്യപ്രകാശത്തിലെ ഇൻഫ്രാറെഡ് രശ്മി മുഖേന ഓട്ടോമാറ്റിക് ഓൺ ഓഫ് സ്വിച്ചിങ് സിസ്റ്റം എന്ന സാങ്കേതികവിദ്യക്കായി തിരൂരങ്ങാടിയിൽ പി.എസ്.എം.ഒസി സേവ് ഇലക്ട്രോണിക്സ് എന്ന കമ്പനി തന്നെ ആരംഭിച്ചിരിക്കുകയാണ് റാഷിദ്. തന്റെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സ്നേഹത്തോടെയുള്ള സഹകരണമാണ് തന്റെ ഉയർച്ചക്ക് കാരണമെന്ന് ഡോ. റാഷിദ് പറയുന്നു.
ഫിസിക്സിൽ ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയുമുള്ള റാഷിദ് വിവിധ സംസ്ഥാനങ്ങളിലെ സയൻസ് കോൺഫറൻസുകളിൽ വിഷയാവതരണം നടത്തുകയും പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. പരേതനായ ടി.പി. മുഹമ്മദാണ് റാഷിദിന്റെ പിതാവ്. മാതാവ് ആയിഷയും സഹോദരികളായ മഹ്ബൂബയും ഷാഹിദയും ഭാര്യ മുഹ്സിനയും നല്ല പിന്തുണയാണ് റാഷിദിന് നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.