കല്ലായി അഴിമുഖത്തെ പുലിമുട്ട്
കോഴിക്കോട്: കല്ലായിപ്പുഴയുടെ അഴിമുഖത്ത് 10.52 കോടി രൂപയുടെ പുലിമുട്ട് നിര്‍മിക്കാൻ ഭരണാനുമതിയായി. നേരത്തേ തുടങ്ങാനിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ മുടങ്ങിയ പദ്ധതിക്കാണ് അനുമതിയായത്. ആദ്യം പണി ഏറ്റെടുത്ത കരാറുകാരൻ പാറയുടെ ദൗര്‍ലഭ്യത കാണിച്ച് പിന്‍വാങ്ങുകയായിരുന്നു. പിന്നീട് ജലവിഭവ വകുപ്പ് പുതിയ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതി നല്‍കിയെങ്കിലും ജി.എസ്.ടി തുക വകയിരുത്താതിരുന്നതിനാല് പ്രവൃത്തി നടപ്പാക്കാന്‍ കഴിഞ്ഞില്ല.
ഇപ്പോള്‍ പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായി തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിലിന്റെ ഓഫിസിൽനിന്ന് അറിയിച്ചു. ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ, ധനമന്ത്രി ബാലഗോപാൽ എന്നിവരുമായി ബന്ധപ്പെട്ടാണ് അനുമതി ലഭ്യമാക്കിയത്. നിര്‍മാണപ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കാനാണ് തീരുമാനം. പുലിമുട്ട് നിർമാണം വൈകുന്നതിനാൽ കോതി, കല്ലായി അഴിമുഖം മേഖലയിൽ തോണിയപകടം പതിവായിരുന്നു. ഈ സാഹചര്യത്തിൽ നിർമാണം ഉടൻ പൂർത്തിയാക്കി അപകടമുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് മനുഷ്യാവകാശ കമീഷനും കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു.
അപകടങ്ങൾക്ക് കാരണമായി ചെറിയ പുലിമുട്ട്
കോതി കടപ്പുറത്ത് നിലവിലുള്ള പുലിമുട്ടുകൾ അശാസ്ത്രീയമാണെന്നാണ് പരാതി. സൂനാമി കെടുതികളുടെ പശ്ചാത്തലത്തിൽ കല്ലായിപ്പുഴയുടെ അഴിമുഖത്ത് വടക്കു ഭാഗത്ത് 325 മീറ്ററും തെക്കു ഭാഗത്ത് 225 മീറ്ററും നീളത്തിൽ പുലിമുട്ട് നിർമിക്കാനാണ് ചെന്നൈ ഐ.ഐ.ടി നിർദേശിച്ചിരുന്നത്. എന്നാൽ, പണം തികയാതെ യഥാക്രമം 155 മീറ്ററും 80 മീറ്ററും നീളത്തിൽ പുലിമുട്ട് നിർമിക്കുകയായിരുന്നു. ഐ.ഐ.ടി നിർദേശിച്ച നീളത്തിൽ പുലിമുട്ട് നിർമിക്കാനാണ് ഇപ്പോൾ പണം അനുവദിച്ചത്. കോതിയിൽ നൂറിലേറെ മീൻപിടിത്ത വള്ളങ്ങൾ ഇപ്പോൾ അടുക്കുന്നുണ്ട്. അപകടം പതിവായതിനാൽ തൊഴിലാളികൾ പലതവണ അധികൃതരെ സമീപിച്ചിരുന്നു. 15 വർഷത്തോളമായി പുലിമുട്ട് നീട്ടണമെന്ന ആവശ്യമുയരുന്നു. ബീച്ച് റോഡ് നവീകരണ സമയത്ത് തൊഴിലാളികൾക്ക് കൂടുതൽ സൗകര്യമൊരുക്കുമെന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല. പഴയ പുലിമുട്ടിലുള്ള പാറകളാണ് ഇപ്പോൾ പ്രധാനമായി അപകടമുണ്ടാക്കുന്നത്. രണ്ടു കൊല്ലം മുമ്പ് രണ്ടു പേർ അപകടത്തിൽപെട്ടിരുന്നു. കോതി പാലത്തിനു സമീപം നൈനാംവളപ്പിൽ മേഖലയിലാണ് ചാപ്പയിലിനും കപ്പക്കലിനുമിടയിലെ വള്ളക്കാരുടെ പ്രധാന മത്സ്യവിപണനകേന്ദ്രം.
കല്ലായിപ്പുഴയുടെ അഴിമുഖത്ത് 10.52 കോടി
രൂപയുടെ പുലിമുട്ട് പണിയാൻ അനുമതി
പുലിമുട്ടുകൾ പുതിയത് പണിതാലും നിലവിലുള്ള പുലിമുട്ടിന്റെ പാറകൾ മാറ്റിയില്ലെങ്കിൽ അപകടം തുടരുമെന്ന് തൊഴിലാളികൾ പറയുന്നു. രണ്ടു കൊല്ലത്തിനകം രണ്ടു പേരാണ് മരിച്ചത്. പുലിമുട്ടുകളിൽനിന്ന് പുറത്തേക്കു നിൽക്കുന്ന കല്ലുകളാണ് തോണികൾക്ക് വിനയാവുന്നത്. വള്ളം അടുക്കുമ്പോൾ കല്ലിൽ തട്ടി നിന്നാൽ തിരമാലകളിൽ തട്ടി തോണി മറിയും. തോണിയിലുള്ളവർ വടക്കു ഭാഗത്തേക്ക് മറിയുകയാണെങ്കിൽ തിരയിൽപെട്ട് കല്ലിൽ കൂട്ടിയിടിച്ച് അപകടമുണ്ടാവും. എന്നാൽ, തെക്കു ഭാഗത്തേക്ക് മറിഞ്ഞാൽ വലിയ മൺതിട്ടയുള്ളതിനാൽ രക്ഷപ്പെടും. കല്ലുകൾ മാറ്റാതെ പ്രശ്നപരിഹാരമാവില്ല. അഴിമുഖത്തും കല്ലായിപ്പുഴയിലും അടിഞ്ഞുകൂടിയ മണ്ണും ചളിയും എടുത്തുമാറ്റാനുള്ള പദ്ധതി ഇപ്പോഴും കടലാസിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.