മുക്കം നഗരസഭക്ക് 79.6 കോടിയുടെ ബജറ്റ് യു.ഡി.എഫ്, വെൽഫെയർ പാർട്ടി അംഗങ്ങൾ ബജറ്റ് ചർച്ചയിൽനിന്ന് ഇറങ്ങിപ്പോയി

മുക്കം: നഗരസഭക്ക്​ 2022-23 സാമ്പത്തിക വർഷത്തിൽ 79.6 കോടിയുടെ ബജറ്റ്. 79,06,36,002 രൂപ വരവും 76,99,29,000 ചെലവും 2,07,07,002 മിച്ചവും വരുന്ന ബജറ്റാണ് വൈസ് ചെയർപേഴ്സൻ അഡ്വ. ചാന്ദ്നി അവതരിപ്പിച്ചത്. മുക്കം ഗവ. ആശുപത്രി കെട്ടിട നിർമാണത്തിന് 15 കോടി, അതിദാരിദ്ര്യം പരിഹരിക്കുന്നതിനും അയ്യൻകാളി തൊഴിലുറപ്പ് പദ്ധതിക്കും 14.5 കോടി, എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിനായി 10 കോടി, ഇരുവഴിഞ്ഞിപ്പുഴയിൽ 25 ലക്ഷം രൂപയുടെ ടൂറിസം പദ്ധതി, ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി 4.52 കോടിയുടെ ഭവനനിർമാണം, മാലിന്യപ്രശ്നം പരിഹരിക്കാൻ ഒരു കോടി, മുക്കം പോളിടെക്നിക് ഒരു കോടി, മുക്കം നഗരസഭ ഓഫിസ് കെട്ടിടം നിർമിക്കാൻ മൂന്നുകോടി, പട്ടികജാതി വികസനം 2,30,58000 രൂപ, കാർഷിക മേഖലക്ക്​ 30 ലക്ഷം, വാതക ശ്മശാനത്തിന് 10 ലക്ഷം തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ. ചെയർമാൻ പി.ടി. ബാബു അധ്യക്ഷത വഹിച്ചു. അതേസമയം, ബജറ്റ് യാഥാർഥ്യബോധമില്ലാത്തതും നിരാശജനകവുമാണെന്നാരോപിച്ച് വെൽഫെയർ പാർട്ടി, യു.ഡി.എഫ് അംഗങ്ങൾ ബജറ്റ് ചർച്ചയിൽനിന്ന് ഇറങ്ങിപ്പോയി. കഴിഞ്ഞ ബജറ്റിൽ മുക്കം ഗവ. ആശുപത്രിയെ ജില്ല ആശുപത്രിയാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഈ ബജറ്റിൽ താലൂക്ക് ആശുപത്രിയാക്കുമെന്നാണ് പ്രഖ്യാപനം. രാഹുൽ ഗാന്ധി എം.പി അനുവദിച്ച 40 ലക്ഷം ചെലവഴിക്കാത്തവരുടെ വാക്കുകൾ വിശ്വസിക്കാനാവില്ല. കഴിഞ്ഞ തവണ അയ്യൻകാളി പദ്ധതിക്ക് 14.5 കോടി വെച്ചത് കണക്ക് പെരുപ്പിച്ചുകാണിക്കാനാണെന്നും കഴിഞ്ഞ തവണ 20 ശതമാനം തുക പോലും ചെലവഴിച്ചില്ലെന്നും കഴിഞ്ഞ ബജറ്റി‍ൻെറ പകർത്തിയെഴുത്ത് മാത്രമാണ് ഇപ്രാവശ്യത്തെ ബജറ്റെന്നും ഇറങ്ങിപ്പോക്കിന് മുമ്പായി കൗൺസിലർമാർ പറഞ്ഞു. പോളിടെക്നിക്കിന് സ്ഥലം ഏറ്റെടുത്തുനൽകാതെ ഇപ്പോൾ ഒരു കോടി നീക്കിവെച്ചു എന്നു പറയുന്നത് വിരോധാഭാസമാണെന്നും അവർ ചൂണ്ടിക്കാട്ടി. യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ അംഗങ്ങൾ ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി. വേണു കല്ലുരുട്ടി, ഗഫൂർ മാസ്റ്റർ, സാറ കൂടാരം, എം.കെ. യാസർ, ഗഫൂർ കല്ലുരുട്ടി, എം. മധു, അബു മുണ്ടുപാറ, കൃഷ്ണൻ വടക്കയിൽ, റംല ഗഫൂർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-28 09:16 GMT