ഉസ്മാൻ പി. ചെമ്പ്ര താമരശ്ശേരി: മലയോര മേഖലയിലെ എട്ട് ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമായി 701 കോടി രൂപയുടെ ജല ജീവൻ മിഷൻ ബൃഹത് പദ്ധതി നടപ്പാക്കുന്നു. താമരശ്ശേരി, കട്ടിപ്പാറ, പുതുപ്പാടി, കോടഞ്ചേരി, ഉണ്ണികുളം, കിഴക്കോത്ത്, മടവൂർ, ചാത്തമംഗലം എന്നീ ഗ്രാമ പഞ്ചായത്തുകളിലെ ശുദ്ധജല കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനാണ് ജല ജീവൻ മിഷൻ പദ്ധതി നടപ്പാക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ 50 ശതമാനം അനുപാതം തുകയിലാണ് പദ്ധതി നടപ്പാക്കുന്നത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ താന്നിക്കോട് മലയിൽ നിർമിക്കുന്ന 60 ലക്ഷം ലിറ്ററിൻ്റെ ടാങ്കിൽനിന്നാണ് എട്ട് ഗ്രാമപഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുക. മാവൂർ കൂളിമാടുള്ള വാട്ടർ അതോറിറ്റിയുടെ സ്ഥലത്ത് 14 മീറ്റർ വ്യാസത്തിൽ കിണർ നിർമിക്കും. കിണറ്റിൽനിന്നുള്ള വെള്ളം കൂളിമാടിൽ നിർമിക്കുന്ന 40 ലക്ഷം ലിറ്ററിൻ്റെ ട്രീറ്റ്മെൻ്റ് പ്ലാൻ്റിൽനിന്നും ശുചീകരിച്ച് ചാത്തമംഗലം താന്നിക്കോട് മലയിലെ 60 ലക്ഷം ലിറ്ററിൻ്റെ ടാങ്കിൽ സംഭരിക്കും. ഈ ടാങ്കിൽ നിന്നും ഗുരുത്വാകർഷണബലത്തിൽ (ഗ്രാവിറ്റി) വെള്ളം എട്ട് പഞ്ചായത്തുകളിലും എത്തിക്കുന്നതാണ് പ്രോജക്ട്. കുടിവെള്ളം വിതരണം ചെയ്യുന്ന എട്ട് ഗ്രാമപഞ്ചായത്തുകളിലും ടാങ്കുകൾ നിർമിച്ചാണ് വിതരണം ചെയ്യുക. പദ്ധതിക്കായുള്ള ടെൻഡർ നടപടികൾ ആരംഭിച്ചിരിക്കുകയാണ്. 2024 നകം പദ്ധതി യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് അസി.എൻജിനീയർ ഇന്ദുലേഖ പറഞ്ഞു. :- ................ പുതുപ്പാടിയിൽ നിർവഹണ സഹായ ഏജൻസി ഓഫിസ് തുറന്നു ( ബോക്സ് ന്യൂസ് ) പുതുപ്പാടി: സമ്പൂർണ ശുദ്ധജല കുടിവെള്ള പദ്ധതിയായ ജലജീവൻ മിഷൻ പദ്ധതിക്ക് പുതുപ്പാടിയിൽ 106.57 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ആയിഷക്കുട്ടി സുൽത്താൻ അറിയിച്ചു.. പഞ്ചായത്ത് ഓഫിസിൽ സജ്ജമാക്കിയ ജലജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ സഹായ ഏജൻസി ഓഫിസിൻ്റെ ഉദ്ഘാടനം പ്രസിഡന്‍റ് നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷംസീർ പോത്താറ്റിൽ അധ്യക്ഷതവഹിച്ചു. ശ്രേയസ്സ് ബത്തേരി എക്സിക്യൂട്ടിവ് ഡയറക്ടർ അഡ്വ. ഫാദർ ബെന്നി ഇടയത്ത് മുഖ്യാ തിഥിയായി. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിലൂടെ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും 2024ഓടെ ശുദ്ധജലം എത്തിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ആയിഷബീവി, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു തോമസ് ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സിന്ധു ജോയ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബീന തങ്കച്ചൻ, ഷിജു ഐസക്, ഷംസു കുനിയിൽ, റംല അസീസ്, രാധ ടീച്ചർ, മോളി ആേന്റാ, എം.കെ. ജാസിൽ, ഗഫൂർ, ടെന്നി വർഗീസ് ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു താന്നിക്കാകുഴി, ആസൂത്രണ സമിതി അംഗം ഷാഫി വളഞ്ഞപാറ, ശ്രേയസ്സ് സംഘാടകരായ കെ.വി. ഷാജി. ഫാ. ജേക്കബ്, ലിസി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.