കോഴിക്കോട്: തലാസീമിയ, സിക്കിൾസെൽ അനീമിയ, ഹീമോഫീലിയ, ലുക്കീമിയപോലുള്ള മാരക രക്തജന്യ രോഗികളുടെയും രക്ഷിതാക്കളുടെയും സംഘടനയായ കേരള ബ്ലഡ് പേഷ്യന്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ (രക്താർബുദ, ജനിതക രക്ത രോഗികളുടെ കൂട്ടായ്മ) പ്രവർത്തനം തുടങ്ങിയിട്ട് 25 വർഷം പൂർത്തിയായി. സംഘടനയുടെ നേതൃത്വത്തിൽ തുടക്കമിട്ട തലാസീമിയ രോഗികളുടെ മജ്ജ മാറ്റിവെക്കൽ കാമ്പയിനും അതിനു മുന്നോടിയായുള്ള എച്ച്.എൽ.എ പരിശോധന ക്യാമ്പും എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ വിജയകരമായി പൂർത്തിയാക്കി. ഇതിൽ അമ്പതോളം തലാസീമിയ രോഗികളായ കുട്ടികളെ പൊതുജനങ്ങളുടെ സഹായത്തോടെ മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സജ്ജമാക്കാനും 25 കുട്ടികൾക്ക് മജ്ജ മാറ്റിവെക്കാനും സാധിച്ചു. കൗൺസിൽ നിരന്തര പോരാട്ടം നടത്തിയതോടെയാണ് രക്തജന്യ രോഗികളുടെ മരുന്നുകൾ തടസ്സമില്ലാതെ ലഭ്യമാവുന്ന അവസ്ഥയുണ്ടായത്. എന്നാൽ, വിദഗ്ധ ചികിത്സ ഇതേവരെ ഉറപ്പാക്കാനായിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളജിൽ വിദഗ്ധ ഹെമറ്റോളജി കേന്ദ്രം തുടങ്ങണമെന്ന ആവശ്യം ഇതേവരെ നടപ്പായിട്ടില്ല. മജ്ജ മാറ്റൽ പ്രക്രിയയിലൂടെ രോഗം പൂർണമായി ഭേദമാക്കുന്ന കാമ്പയിൻ തുടരുന്നതോടൊപ്പം തലാസീമിയ, സിക്കിൾ സെൽ അനീമിയ തുടങ്ങിയ മാരക രക്തത്തോടെയുള്ള ശിശുജനനങ്ങൾ തടയാനുള്ള ബോധവത്കരണവും കൗൺസിൽ നടത്തുന്നുണ്ട്. ഇതിന് സർക്കാറിന്‍റെയും ആരോഗ്യവകുപ്പിന്‍റെയും സഹകരണം വേണമെന്നാണ് ഇവരുടെ ആവശ്യം. ഈ മാരക രോഗത്തോടെയുള്ള ശിശുജനനം തടയാൻ എല്ലാ ഗർഭിണികളെയും പ്രാരംഭ ഘട്ടത്തിൽതന്നെ എച്ച്.ബി.എ ടു രക്തപരിശോധനക്ക് വിധേയമാക്കണമെന്ന് കൗൺസിൽ ജനറൽ കൺവീനർ കരീം കാരശ്ശേരി ആവശ്യപ്പെട്ടു. തെലങ്കാന സർക്കാർ ഇതിനുള്ള നടപടി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ആരോഗ്യരംഗത്തെ മാതൃകാ സംസ്ഥാനമായ കേരളവും ഇതിന് തയാറാവണം. ജനിതക രക്തരോഗങ്ങളായ തലാസീമിയയും അരിവാൾ രോഗവും വർധിച്ചുവരുകയാണ്. കുടുംബങ്ങളെ ആജീവനാന്ത തീരാദുരിതത്തിലാക്കുന്ന ഈ രോഗങ്ങളെ പ്രതിരോധിക്കാനുള്ള നടപടിക്ക് ഇനിയും താമസംവരുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.