തുരങ്കപാതക്ക് 2043.74 കോടിയുടെ ഭരണാനുമതി

കോഴിക്കോട്: സ്വപ്നപദ്ധതിയായ ആനക്കാംപൊയിൽ - കള്ളാടി -മേപ്പാടി തുരങ്കപാത നിർമാണത്തിന് 2043.74 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി നൽകി സർക്കാർ ഉത്തരവ്​. ബുധനാഴ്ച നടന്ന മന്ത്രിസഭ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. തുരങ്കപാതയുടെ നിർമാണ ചുമതലയുള്ള കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് സമർപ്പിച്ച പുതുക്കിയ വിശദ പദ്ധതി രേഖയും സർക്കാർ അംഗീകരിച്ചു. ഇതിന്‍റെകൂടി അടിസ്ഥാനത്തിലാണ് കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള പാതയുടെ നിർമാണത്തിന് സർക്കാർ ഭരണാനുമതി നൽകിയത്. പാതയുടെ നിർമാണത്തിന് 12.2 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരുക. ഏഴ് ഹെക്ടർ ഭൂമി താൽക്കാലിക പാട്ടത്തിന് എടുക്കേണ്ടിവരും. 8.11 മീറ്റർ നീളത്തിൽ നാലുവരിയുള്ള ഇരട്ട തുരങ്കങ്ങളുള്ള പാതയാണ് ഇത്. 10 മീറ്റർ വീതിയിലാണ് പാത നിർമിക്കുക. നാലുവരിയിൽ 625 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും തുരങ്കപാതയുടെ ഭാഗമായി നിർമിക്കും. ഇരുവഴിഞ്ഞി പുഴയ്ക്കു കുറുകെ പാലവും നിർമിക്കേണ്ടിവരും. പാതയുടെ നിർമാണത്തിന് വൈദ്യുതി ബോർഡിന്റേതടക്കമുള്ള വസ്തുക്കൾ മാറ്റി സ്ഥാപിക്കാൻ 34.6 കോടി രൂപയാണ് ചെലവഴിക്കേണ്ടിവരുക. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിൽനിന്ന്​ തുടങ്ങി വയനാട്ടിലെ മേപ്പാടിയിൽ അവസാനിക്കുന്ന പാത യാഥാർഥ്യമാവുന്നതോടെ മലബാറിന്റെ വികസനത്തിൽ വൻ കുതിച്ചു ചാട്ടത്തിനു വഴിയൊരുങ്ങുമെന്നാണ്​ പ്രതീക്ഷ. വയനാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കും ചരക്കുനീക്കത്തിനും വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിനാണ് തുരങ്കപാത നിലവിൽവരുന്നതോടെ അറുതിയാവുക. വായനാടിന്റെയോ കോഴിക്കോടിന്റെയോ മാത്രമല്ല സംസ്ഥാനത്തിന്റെയാകെ വികസനത്തിൽ തുരങ്കപാതക്ക് വലിയ പങ്കുവഹിക്കാൻ കഴിയുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.