കലയുടെ ഏഴഴകുമായി 'മഴവില്ല് 2022'

കോഴിക്കോട്: കുടുംബശ്രീ ജില്ല മിഷൻ ആഭിമുഖ്യത്തിൽ ബഡ്സ്​ സ്​കൂളുകളിലെയും ബി.ആർ.സികളിലെയും പഠിതാക്കൾക്കായി സംഘടിപ്പിച്ച 'മഴവില്ല് 2022' കലയുടെ ഉത്സവമേളമായി. സ്​ത്രീശാക്​തീകരണ പ്രവർത്തനങ്ങളോടൊപ്പം സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ട് നടത്തുന്ന സാമൂഹിക ശാക്തീകരണ പരിപാടിയുടെ ഭാഗമായാണ് കലോത്സവം സംഘടിപ്പിച്ചത്. ടാഗോർ സെന്‍റിനറി ഹാളിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം​ചെയ്തു. കോഴിക്കോടിനെ ബാലസൗഹൃദ ജില്ലയാക്കാൻ നിരവധി പദ്ധതികൾ ജില്ലപഞ്ചായത്ത് ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. സ്​ത്രീപക്ഷ നവകേരളം കാമ്പയിനിന്‍റെ ഭാഗമായുള്ള സ്​ത്രീശക്​തി കലാജാഥ അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. കുടുംബശ്രീ ജില്ലമിഷൻ കോഓഡിനേറ്റർ ഇൻ ചാർജ് പി.എം. ഗിരീഷൻ അധ്യക്ഷത വഹിച്ചു. പി.എൻ. ശാരദ (നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ്), പെരുമണ്ണ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ ദീപ കാവുംപുറത്ത്, കൊയിലാണ്ടി നോർത്ത് ചെയർപേഴ്സൻ എം.പി. ഇന്ദുലേഖ, വേദിക രംഗശ്രീ തിയറ്റർ ഗ്രൂപ് സെക്രട്ടറി ബിജി എന്നിവർ സംസാരിച്ചു. അസി. ജില്ല മിഷൻ കോഓഡിനേറ്റർ കെ. അഞ്ജു സ്വാഗതവും സോഷ്യൽ ഡെവലപ്മെന്റ്​ പ്രോഗ്രാം മാനേജർ ശ്രീഷ്മ ശ്രീധർ നന്ദിയും പറഞ്ഞു. ജില്ലയിലെ വിവിധ ബഡ്സ് ​-ബി.ആർ.സികളിലെ പഠിതാക്കളാണ് പരിപാടിയിൽ പങ്കെടുത്തത്. ലളിതഗാനം, സിനിമാഗാനം, നാടോടിനൃത്തം, നാടൻപാട്ട് എന്നീ സ്റ്റേജ് ഇനങ്ങളാണ് അരങ്ങേറിയത്. പെൻസിലും ക്രയോണും ഉപയോഗിച്ചുള്ള ചിത്രരചനയും സംഘടിപ്പിച്ചു. പങ്കെടുത്ത മുഴുവൻപേർക്കും സമാപന പരിപാടിയിൽ സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.