സമാന്തര ടെലിഫോൺ എക്​​സ്​ചേഞ്ച്: 17 കൊല്ലത്തിന്​ ശേഷം പ്രതികളെ വിട്ടയച്ചു

കോഴിക്കോട്​: നഗരമധ്യത്തിൽ സമാന്തര ടെലിഫോൺ എക്​​സ്​ചേഞ്ച്​ നടത്തിയെന്ന കേസിൽ പ്രതികളെ കോടതി വിട്ടയച്ചു. 2005ൽ കസബ പൊലീസെടുത്ത്​ പിന്നീട്​ ക്രൈംബ്രാഞ്ച്​ ഏറ്റെടുത്ത കേസിൽ 2014ലാണ്​ വിചാരണ തുടങ്ങിയത്​. അരീക്കോട്​ സ്വദേശി റഫീക്ക്​ (45), കണ്ണൂർ സ്വദേശി സുബൈർ (46) എന്നിവരെയാണ്​ ചീഫ്​ ജുഡീഷ്യൽ മജി​സ്ട്രേറ്റ്​ ഫാത്തിമ ബീവി വിട്ടയച്ചത്​. രണ്ടാം പ്രതി കണ്ണൂർ സ്വദേശി ഷഫീക്ക്​ ഒളിവിലാണ്​. പ്രതികൾക്കായി അഡ്വ. ടി.കെ. ഷിബു ഹാജരായി. കെ.എസ്​.ആർ.ടി.സി സ്റ്റാൻഡിന്​ സമീപം ഫ്ലൗറ കോംപ്ലക്​സിലും തൊട്ടടുത്ത വീട്ടിലും കേന്ദ്രീകരിച്ച്​ സമാന്തര ടെലിഫോൺ നടത്തിയെന്നാണ്​ കേസ്​. പ്രതികളുടെ അറസ്റ്റും മറ്റും വൈകിയതിനാലാണ്​ കേസ്​ നീണ്ടുപോയത്​. രണ്ടാം പ്രതിയെ കണ്ടെത്താനാവാത്തതിനാൽ അയാൾക്കെതിരായ കേസ്​ മറ്റൊരു കേസാക്കി പരിഗണിച്ച്​ കുറ്റപത്രം തയാറാക്കിയാണ്​ വിചാരണ തുടങ്ങിയത്​. ശിക്ഷാനിയമം 420 (വഞ്ചന), 379 (മോഷണം), 120 ബി (ക്രിമിനൽ ഗൂഢാലോചന), ഇന്ത്യൻ ടെലിഗ്രാഫ്​ നിയമം, ഇന്ത്യൻ വയർലസ്​ ടെലിഗ്രാഫ്​ നിയമം തുടങ്ങിയ കുറ്റങ്ങളാണ്​ ചുമത്തിയത്​. രഹസ്യവിവരം കിട്ടിയതിന്‍റെ അടിസ്​ഥാനത്തിൽ അടച്ചിട്ട മുറി തുറന്നപ്പോൾ സമാന്തര ടെലിഫോൺ എക്​​സ്​ചേഞ്ച് കണ്ടെത്തിയെന്നാണ്​ കേസ്​. വിദേശത്തുനിന്നുള്ള ഫോൺ കോളുകൾ ലോക്കൽ കോളാക്കി വരുമാനമുണ്ടാക്കുക വഴി 94 ലക്ഷത്തോളം രൂപ സർക്കാറിന് നഷ്ടമുണ്ടാക്കിയെന്നാണ്​ പ്രോസിക്യൂഷൻ വാദം. എന്നാൽ പ്രതികളാണ് സമാന്തര എക്​​സ്​ചേഞ്ച്​ കെട്ടിടത്തിൽ നടത്തിയെന്നത്​ തെളിയിക്കാനായില്ലെന്ന്​ കണ്ടെത്തിയാണ്​ കോടതിനടപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.