ആർക്കിടെക്ടുമാർക്ക് പുതിയ ആസ്ഥാനമന്ദിരം

കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്ട്സ് (ഐ.ഐ.എ) കോഴിക്കോട് സെന്ററിന്റെ പുതിയ ഓഫിസ് 'ദ കാലിക്കറ്റ് ആര്‍ക്കിടെക്ട്സ് കലക്ടീവ്' സെന്റ് വിന്‍സെന്റ് കോളനിയില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് ദേശീയ പ്രസിഡന്റ് സി.ആര്‍. രാജു ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആര്‍ട്ട് എക്‌സിബിഷനുകള്‍, ചര്‍ച്ചകള്‍ എന്നിവ സംഘടിപ്പിക്കാനുതകുന്ന ഗാലറി, മീറ്റിങ് റൂമുകള്‍, ലൈബ്രറി തുടങ്ങി വിശാലമായ സൗകര്യങ്ങളാണ് പുതിയ മന്ദിരത്തിൽ ഒരുക്കിയത്. 'ഏക്ത' ടെറസിന്റെ ഉദ്ഘാടനം കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പും 'ദ്യുതി' ഗാലറി സംവിധായിക അഞ്ജലി മേനോനും ഉദ്ഘാടനം ചെയ്യും. മുന്‍ എം.എൽ.എ എ. പ്രദീപ് കുമാര്‍ വെബ്‌സൈറ്റ് ലോഞ്ചിങ് നിര്‍വഹിക്കും. കോഴിക്കോട്ടെ സാമൂഹിക സംരംഭങ്ങളുടെ രൂപകൽപനയിലും നിര്‍മിതിയിലും ഐ.ഐ.എ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. കോഴിക്കോടിനെ ഇന്ത്യയിലെ ഏറ്റവും വികസിതവും ജീവിക്കാന്‍ യോഗ്യവുമായ നഗരമാക്കി മാറ്റുന്നതിനുള്ള വികസനപദ്ധതികള്‍ക്ക് തുടക്കമിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പുതിയ മന്ദിരം. 500ലധികം വാസ്തു ശില്‍പികളും 120 പ്രാക്ടിസിങ് കേന്ദ്രങ്ങളും കോഴിക്കോട്ടുണ്ട്. രൂപകൽപനയിലെ വൈവിധ്യവും നിര്‍മിതിയിലെ ഗുണനിലവാരവും കൊണ്ട് കോഴിക്കോട് സെന്ററിലെ ആര്‍ക്കിടെക്ടുകള്‍ മികച്ചുനില്‍ക്കുന്നു എന്നതാണ് ദേശീയ-അന്തര്‍ദേശീയതലത്തില്‍ ലഭിക്കുന്ന അംഗീകാരങ്ങള്‍ വ്യക്തമാക്കുന്നതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. വാര്‍ത്തസമ്മേളനത്തില്‍ ഐ.ഐ.എ കോഴിക്കോട് സെന്റര്‍ ചെയര്‍മാന്‍ പി.പി. വിവേക്, ജോ. സെക്രട്ടറി മുഹമ്മദ് അഫ്‌നാന്‍, രക്ഷാധികാരികളായ എന്‍.എം. സലീം, എ.കെ. പ്രശാന്ത്, വിനോദ് സിറിയക്, സന്ധ്യാ രാധാകൃഷ്ണന്‍, പൂനം നൗഫല്‍, ബ്രിജേഷ് ഷൈജാള്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.