നിതയുടെ മരണത്തിൽ നടുങ്ങി നാട്

പന്തീരാങ്കാവ്: ഭർത്താവിനൊപ്പം സന്തോഷപൂർവം ഉല്ലാസയാത്ര പോയ മകളുടെ മരണവാർത്തയുടെ നടുക്കത്തിലാണ് ഒളവണ്ണ കൊടിനാട്ട് മുക്കിലെ പെരിങ്ങാടൻ റഫീഖും കുടുംബവും. ഞായറാഴ്ച ഉച്ചയോടെയാണ് നിത ഷെറിനെയും ഒന്നര വയസ്സുകാരൻ സയാനേയുമായി ഭർത്താവ് അബൂബക്കർ സിദ്ദീഖ്, ഊട്ടിയിലേക്ക് ഉല്ലാസയാത്രക്കെന്നുപറഞ്ഞ് വീട്ടിൽനിന്ന് കൊണ്ടുപോയത്. വഴിയിൽ റഫീഖിന്റെ പനമരത്തുള്ള സഹോദരിയുടെ വീട്ടിൽ കയറുകയായിരുന്നു. വീടിന്റെ മുകൾ നിലയിലാണ് ഞായറാഴ്ച രാത്രി ദമ്പതികൾ കിടന്നിരുന്നത്. ഇവിടെ വെച്ചാണ് കൊല ചെയ്തത്. തിങ്കളാഴ്ച പുലർച്ച അബൂബക്കർ സിദ്ദീഖ് തന്നെയാണ് നിതയുടെ സഹോദരിയുടെ ഭർത്താവിനെ വിളിച്ച് കൊലപാതക വാർത്ത അറിയിക്കുന്നത്. എല്ലാവരോടും സന്തോഷപൂർവം ഇടപെടുന്ന നിതയുടെ മരണവാർത്ത വിശ്വാസിക്കാനാവുന്നില്ല സമീപ വീട്ടുകാർക്ക്. ഇരുവരും തമ്മിൽ നേരത്തെ പിണക്കമുണ്ടായിരുന്നു. പിന്നീട് കുടുംബം ഇടപെട്ട് പരിഹരിക്കുകയായിരുന്നു. പക്ഷേ, കൊലപാതകത്തിലേക്ക് നയിക്കാവുന്ന തരത്തിലുള്ള പ്രശ്നങ്ങളൊന്നും ഇവർ തമ്മിലുണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. അതുകൊണ്ടുതന്നെ നാട്ടുകാർക്കൊന്നും കൊലപാതക വാർത്ത വിശ്വസിക്കാനുമാവുന്നില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ വീട്ടിലെത്തിച്ച മൃതദേഹം എട്ടുമണിയോടെ ഒടുമ്പ്ര ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.