ബേപ്പൂരിൽ ആരോഗ്യപരിരക്ഷക്കായി പ്രത്യേക പദ്ധതി നടപ്പാക്കും

ബേപ്പൂർ: മണ്ഡലത്തിലെ മുഴുവൻ ജനങ്ങളുടെയും ആരോഗ്യപരിരക്ഷക്കായി പ്രത്യേക പദ്ധതി തയാറാക്കുമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിനായി പൊതുജനാരോഗ്യ മേഖലക്കൊപ്പം ഉന്നത സ്വകാര്യ ആശുപത്രികൾ, സംഘടനകൾ തുടങ്ങിയവയെ ഉപയോഗപ്പെടുത്തും. മന്ത്രിയുടെ നേതൃത്വത്തിലുള്ള 'നമ്മൾ ബേപ്പൂർ' കോഴിക്കോട് നാഷനൽ ഹോസ്പിറ്റൽ, കെ.എം.സി.ടി ഡെന്റൽ കോളജ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം നടുവട്ടം ഗവ. യു.പി സ്കൂളിൽ (ചേനോത്ത് സ്കൂൾ) നിർവഹിക്കുകയായിരുന്നു അദ്ദേഹം. ബേപ്പൂർ മണ്ഡലത്തിലെ അഞ്ച് മേഖലകൾ കേന്ദ്രീകരിച്ച് മെഡിക്കൽ ക്യാമ്പുകൾ പൂർത്തിയാക്കിയശേഷം മുഴുവൻ ജനങ്ങൾക്കും ഉപകാരപ്രദമായനിലയിൽ എല്ലാ തദ്ദേശ വാർഡുകളിലും തുടർന്നും ക്യാമ്പുകൾ നടത്തും. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ രോഗികളെ പരിശോധിച്ചു. അത്യാവശ്യ മരുന്നുകളും ലാബ് പരിശോധനയും സൗജന്യമായി നൽകി. കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ കെ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. കെ.എം.സി.ടി സി.ഇ.ഒ ഡോ. കെ.എം. നവാസ് മുഖ്യാതിഥിയായി. കൗൺസിലർമാരായ കെ. രാജീവൻ, ടി. രജനി, കൊല്ലരത്ത് സുരേശൻ, വാടിയിൽ നവാസ്, പി.കെ. ഷമീന, ഡോ. അനീസ് അറക്കൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.