ഓമശ്ശേരി ടൗണിലെ തണൽമരങ്ങൾ ഓർമയാവുന്നു

ഓമശ്ശേരി: ടൗണിലെ തണൽമരങ്ങൾ ഓർമയാകുന്നു. റോഡ് വികസനത്തിന്റെ ഭാഗമായി തണൽ മരങ്ങൾക്ക് മേൽ ഇന്ന് കോടാലി വീഴും. പതിറ്റാണ്ടുകളായി ടൗണിൽ നിഴൽ പരത്തിയ കൂറ്റൻ ചീനി മരങ്ങളാണ് മുറിക്കുന്നത്. തണൽ മരങ്ങളുടെ സംരക്ഷണത്തിനുവേണ്ടി വർഷങ്ങൾക്കു മുമ്പ് ടൗണിൽ പരിസ്ഥിതിസ്നേഹികൾ ചങ്ങല തീർത്തിരുന്നു. കാലപ്പഴക്കവും ഭാരവും കാരണം മരങ്ങൾ അപകടം വരുത്തിയേക്കുമോ എന്ന് നിലവിൽ ആശങ്കയുയർന്നിരുന്നു. അതിനിടയിലാണ് റോഡ് വികസനം വന്നത്. മരം ലേലത്തിൽ എടുക്കാൻ ആളില്ലാത്തതിനെ തുടർന്നു മുറിച്ചു മാറ്റുന്നത് അനിശ്ചിതത്വത്തിലായിരുന്നു. ജനപ്രതിനിധികളുടെയും കച്ചവടക്കാരുടെയും പ്രത്യേക താൽപര്യത്തെ തുടർന്നാണ് പുനർലേലം നടത്തി മരം മുറി ഏറ്റെടുക്കാൻ ആളെ കണ്ടെത്തിയത്. മരം മുറിക്കുന്നതോടെ തണൽ നഷ്ടമാകുന്നതോടൊപ്പം നൂറു കണക്കിന് പക്ഷികളുടെ ആവാസകേന്ദ്രമാണ് നഷ്ടമാവുന്നത്. വേനൽക്കാലത്ത് പുഷ്പിച്ചു നിൽക്കുന്ന മരം ടൗണിനു സൗന്ദര്യത്തോടൊപ്പം സൗരഭ്യവും പരത്തുക പതിവാണ്. മരം മുറിക്കു സന്നദ്ധ സംഘടനകളുടെ സഹായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു. ചിത്രം ഓമശ്ശേരി ടൗണിലെ ചീനി മരങ്ങളിലൊന്ന്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.