കേരള ഒളിമ്പിക്സ്: സ്വർണപ്രതീക്ഷയിൽ ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമി

മടവൂർ: പ്രഥമ കേരള ഒളിമ്പിക്സിൽ റഗ്ബി, സൈക്ലിങ് ഇനങ്ങളിൽ സ്വർണ പ്രതീക്ഷയുമായി ചക്കാലക്കൽ എച്ച്.എസ്.എസ് സ്പോർട്സ് അക്കാദമിയിൽ നിന്നുള്ള താരങ്ങൾ. പതിനാറ് താരങ്ങളാണ്​ കേരള ഒളിമ്പിക്സിനായി തലസ്ഥാനത്തേക്ക് തിരിക്കുന്നത്. വനിതകളുടെ വിഭാഗത്തിൽ റഗ്ബി ജില്ല ടീമിൽ മുഴുവൻ താരങ്ങളും സൈക്ലിങ് ടീമിൽ നാല് താരങ്ങളുമാണ് അക്കാദമിയിൽ നിന്നുള്ളത്. ഈ വർഷം നടന്ന സബ്ജൂനിയർ സംസ്ഥാന റഗ്ബി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡലും സീനിയർ വിഭാഗത്തിൽ വെള്ളിമെഡലും നേടിയ ടീമിലെ അംഗങ്ങളാണിവർ. ജില്ല റഗ്ബി ടീമിനെ അക്കാദമിയിൽനിന്നുള്ള സീനിയർ താരം റിസ അഷ്റഫാണ് നയിക്കുന്നത്. കഴിഞ്ഞ മാസം ഒഡിഷയിൽ നടന്ന ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടിയ വി.വി. അനുശ്രീ, ഫാത്തിമ നൈസ, പി. ഹഫീഫ ഷെറിൻ, കെ. ദൃശ്യ തുടങ്ങിയ താരങ്ങളാണ് സൈക്ലിങ് മത്സരത്തിൽ പ്രതിനിധാനംചെയ്യുന്നത്. പി. മുഹമ്മദ് ആഷിഖ്, കെ. മുഹമ്മദ് ഫാരിസ് എന്നിവരാണ് ടീമുകളെ പരിശീലിപ്പിക്കുന്നത്. ഈ മാസം എട്ട്, ഒമ്പത് തീയതികളിലാണ് മത്സരം. താരങ്ങൾക്കുള്ള യാത്രയയപ്പ് യോഗം ചക്കാലക്കൽ ഹയർസെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ വി. മുഹമ്മദ് ബഷീർ ഉദ്ഘാടനംചെയ്തു. കെ. സന്തോഷ്, പി. ശാന്തകുമാർ, പി.കെ. അൻവർ, റിയാസ് അടിവാരം, പി. മുഹമ്മദ് ആഷിഖ്, കെ. മുഹമ്മദ് ഫാരിസ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.