അഖിലേന്ത്യാ അന്തർ സർവകലാശാല വടംവലി: കണ്ണൂര്‍ തൂത്തുവാരി

മാങ്ങാട്ടുപറമ്പ്: അഖിലേന്ത്യാ അന്തർ സർവകലാശാല വടംവലി മത്സരത്തിന്റെ ഇൻഡോർ മത്സരങ്ങളിൽ കണ്ണൂര്‍ സർവകലാശാല തൂത്തുവാരി. ആദ്യദിവസം നടന്ന ഇൻഡോർ മത്സരങ്ങളിലെ മൂന്നു വിഭാഗത്തിലും കണ്ണൂർ ചാമ്പ്യന്മാരായി. പുരുഷവിഭാഗത്തിലും മിക്സഡ് വിഭാഗത്തിലും കണ്ണൂർ, ചണ്ഡിഗഢ്​ സർവകലാശാലയെ പരാജയപ്പെടുത്തി ചാമ്പ്യൻപട്ടം പിടിച്ചെടുത്തു. വനിതാവിഭാഗത്തിൽ അയൽക്കാരായ കോഴിക്കോട് സർവകലാശാലയെ ആണ് പരാജയപ്പെടുത്തിയത്. പുരുഷവിഭാഗത്തിൽ കോഴിക്കോടും വനിതാവിഭാഗത്തിൽ എം.ജി സർവകലാശാലയും മിക്സഡ് വിഭാഗത്തിൽ കോഴിക്കോടും മൂന്നാം സ്ഥാനം നേടി. ആദ്യ ദിവസം കേരളത്തിലെ മൂന്ന് സർവകലാശാലകളുടെ മിന്നും പ്രകടനമാണ് നിറഞ്ഞുനിന്നത്. കണ്ണൂർ സർവകലാശാല ടീമിനെ പുരുഷവിഭാഗത്തിൽ കാസർകോട് ഗവ. കോളജിലെ യദു കൃഷ്ണനും വനിതാ വിഭാഗം ടീമിനെ തലശ്ശേരി ബ്രണ്ണനിലെ അനഘ ടി. ചന്ദ്രനുമാണ് നയിക്കുന്നത്. വടംവലി മത്സരങ്ങൾ വെള്ളിയാഴ്ച രാവിലെ മുതൽ കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് കായികവിഭാഗം ഇൻഡോർ സ്റ്റേഡിയത്തിലാണ് തുടങ്ങിയത്. വിവിധ സർവകലാശാലകളെ പ്രതിനിധാനംചെയ്ത്​ 500ൽപരം പേരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. മൂന്ന് വിഭാഗങ്ങളിലായുള്ള ഇൻഡോർ മത്സരങ്ങളാണ് ആദ്യദിവസം പൂർത്തിയായത്. പുരുഷവിഭാഗത്തിലെ 600 കി.ഗ്രാം വിഭാഗത്തിൽ 12 സർവകലാശാലകളും വനിതാ വിഭാഗത്തിൽ 500 കി.ഗ്രാം വിഭാഗത്തിലും 540 കി.ഗ്രാം മിക്സഡ് വിഭാഗത്തിലുമായി എട്ട് വീതം സർവകലാശാലകളുമാണ് മാറ്റുരച്ചത്. ശനിയാഴ്ച രാവിലെ മുതൽ ഔട്ട്ഡോർ മത്സരങ്ങൾ തുടങ്ങും. ഇതിൽ പുരുഷവിഭാഗത്തിൽ 19ഉം വനിതാ വിഭാഗത്തിൽ 16ഉം മിക്സഡ് വിഭാഗത്തിൽ 12ഉം സർവകലാശാലകളാണ് മത്സരരംഗത്തുള്ളത്. പടം) സന്ദീപ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.