നാദാപുരം: മലയോര മേഖലയിലെ പ്രധാന റോഡായ കല്ലാച്ചി വളയം റോഡ് പ്രവൃത്തി രണ്ടു വർഷമായിട്ടും പൂർത്തീകരിച്ചില്ല. നിർമാണം വൈകുന്നതിനു പിന്നിൽ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയെന്ന് ആക്ഷേപം. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന പ്രധാന റോഡാണ് അധികൃതരുടെ അനാസ്ഥയിൽ പൂർത്തിയാകാതെ കിടക്കുന്നത്. റോഡ് നിർമാണത്തിലെ മെല്ലെപ്പോക്കിനെതിരെയും , ഗുണനിലവിരമില്ലായ്മക്കെതിരെയും നാട്ടുകാരിൽനിന്നും വൻ പ്രതിഷേധമാണ് ഉയരുന്നത്. വിഷ്ണുമംഗലം പാലം മുതൽ കുറുവന്തേരിമുക്ക് വരെയുള്ള മൂന്നര കി.മീ റോഡിന് മൂന്നരക്കോടി രൂപയാണ് അനുവദിച്ചത്. ആധുനികരീതിയിൽ ബി.എം ആൻഡ് ബി.സിയിൽ ടാറിങ് പ്രവൃത്തിക്കാണ് അനുമതി. എന്നാൽ, രണ്ടു വർഷംകൊണ്ട് രണ്ട് കലുങ്കുകളുടെ നിർമാണവും വളയം ടൗണിന് സമീപത്തെ കയറ്റം കുറക്കുന്ന പ്രവൃത്തിയും മാത്രമാണ് റോഡിൽ നടന്നത്. പുതിയ അഴുക്കുചാൽ നിർമിക്കുന്നതിനു പകരം വർഷങ്ങൾക്ക് മുമ്പ് നിർമിച്ച അഴുക്കുചാലുകളുടെ മുകൾ ഭാഗത്ത് ഉയരം കൂട്ടി നവീകരിക്കുകയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനെതുടർന്ന് അഴുക്കുചാലിൽ മഴ പെയ്താൽ വെള്ളക്കെട്ടാണ്. കഴിഞ്ഞ മാസം വളയത്ത് ഗ്രാമപഞ്ചായത്ത് സാരഥികൾക്ക് സ്വീകരണത്തിന് എത്തിയ മന്ത്രി മുഹമ്മദ് റിയാസിന് കരാറുകാരന്റെ അനാസ്ഥക്കെതിരെ നാട്ടുകാർ പരാതി നൽകുകയും കരാറുകാരനെതിരെ നടപടി എടുക്കുമെന്ന് മന്ത്രി സദസ്സിൽ വെച്ച് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, മന്ത്രിയുടെ പ്രഖ്യാപനം വന്നിട്ടും കരാറുകാരന്റെ നിലപാട് മാറിയിട്ടില്ല. ഇതിനിടയിലാണ് ഭരണകക്ഷി അംഗങ്ങൾതന്നെ സമരരംഗത്ത് ഇറങ്ങിയത്. കല്ലാച്ചി വളയം റോഡ് പണി ഉടൻ പൂർത്തീകരിക്കുക, കരാറുകാരന്റെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യവുമായി സി.പി.എം വളയം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ വടകര റോഡ്സ് വിഭാഗം എക്സ് ഇ-ഓഫിസിലേക്ക് ബഹുജന മാർച്ചും ധർണയും സംഘടിപ്പിച്ചു. സി.പി.എം ഏരിയ കമ്മിറ്റി എം. ദിവാകരൻ ഉദ്ഘാടനം ചെയ്തു. കല്ലുനിര ലോക്കൽ സെക്രട്ടറി എ.കെ. രവി അധ്യക്ഷതവഹിച്ചു. പി.പി. അനിൽ, ഒ.ടി. അബ്ദുല്ല, വി.കെ. രവി, പി.പി. ജിനീഷ്, എൻ.പി. കണ്ണൻ, എം. ദേവി, പി.ടി. നിഷ, പി.പി. ജിനീഷ്, കെ. വിനോദൻ, എം. സുമതി. എം.പി വാസു എന്നിവർ സംസാരിച്ചു. കെ.എൻ. ദാമോദരൻ സ്വാഗതം പറഞ്ഞു. എ.എക്‌സ്.ഇയുമായി നടന്ന ചർച്ചയിൽ റോഡ് പണി 10ാം തീയതി ആരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചതായി സി.പി.എം നേതാക്കൾ പറഞ്ഞു. പടം CL Kzndma: സി.പി.എം നടത്തിയ വടകര പി.ഡബ്ല്യു.ഡി ഓഫിസ് മാർച്ചും ധർണയും എം. ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.