കോഴിക്കോട്: രാജ്യത്തെ മുൻനിര മെഡിക്കൽ പഠന, ഗവേഷണ, ചികിത്സ സ്ഥാപനമായ എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) കേരളത്തിലും സ്ഥാപിക്കാൻ അനുമതിക്കായി കേന്ദ്ര ആരോഗ്യവകുപ്പ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് അപേക്ഷ നൽകിയത് കിനാലൂരിനും പ്രതീക്ഷ വർധിപ്പിക്കുന്നു. കേരളത്തിന് എയിംസ് അനുവദിക്കാമെന്ന് കഴിഞ്ഞ ഒക്ടോബറിലും കേന്ദ്ര ആരോഗ്യവകുപ്പ് അധികൃതർ ധനകാര്യവകുപ്പിന് ശിപാർശ നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞദിവസം ആരോഗ്യ സഹമന്ത്രി ലോക്സഭയിൽ രേഖാമൂലം മറുപടി നൽകിയത്. ബാലുശ്ശേരിക്കടുത്ത് കിനാലൂരിൽ സംസ്ഥാന വ്യവസായ വികസന കോർപറേഷന്റെ (കെ.എസ്.ഐ.ഡി.സി) ഉടമസ്ഥതയിലുള്ള 200 ഏക്കർ ഭൂമിയിലും സമീപത്തെ സ്വകാര്യ വ്യക്തികളുടെ ഭൂമിയിലുമാണ് എയിംസ് അനുവദിച്ചാൽ പ്രവർത്തനം തുടങ്ങുകയെന്ന് സംസ്ഥാന സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതേസമയം, നാലു സ്ഥലങ്ങളാണ് നിർദേശിച്ചതെന്നാണ് കേന്ദ്രമന്ത്രിയുടെ മറുപടിയിലുള്ളത്. പട്ടികയിലില്ലാത്ത കാസർകോട് എയിംസ് സ്ഥാപിക്കണമെന്ന സമ്മർദം ശക്തമാണ്. എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങളടക്കം ചൂണ്ടിക്കാട്ടിയാണ് കാസർകോടിന്‍റെ ആവശ്യം. മലബാറിലെയും ദക്ഷിണ കന്നഡയിലെയും കോയമ്പത്തൂർ, നീലഗിരി തുടങ്ങി തമിഴ്നാടിന്റെ ഭാഗങ്ങളിലുള്ളവർക്കും വിദഗ്ധ ചികിത്സക്ക് ഏറെ സഹായകമാകുന്നതാണ് എയിംസ്. 750 കിടക്കകളുള്ള ആശുപത്രിയിൽ നൂറിലേറെ എം.ബി.ബി.എസ് സീറ്റുകളുണ്ടാവും. വിവിധ സൂപ്പർ സ്പെഷാലിറ്റി വിഭാഗങ്ങളും നഴ്സിങ് കോളജും ചേരുമ്പോൾ വിദഗ്ധ ചികിത്സ തേടുന്നവർക്കും മലയാളി വിദ്യാർഥികൾക്കും ഏറെ സഹായകരമാകും. നിരവധി പേർക്ക് ജോലിക്കും അവസരമൊരുങ്ങും. സംസ്ഥാനം സ്ഥലമേറ്റെടുത്തു കൊടുത്തശേഷം 1500ഓളം കോടി രൂപ കേന്ദ്രം ചെലവാക്കിയാൽ എയിംസ് യാഥാർഥ്യമാകും. കിനാലൂരിൽ 1995ല്‍ കൊച്ചിന്‍ മലബാര്‍ എസ്റ്റേറ്റ് ഗ്രൂപ്പില്‍നിന്നും കെ.എസ്.ഐ.ഡി.സി അക്വയര്‍ ചെയ്ത ഭൂമിയില്‍നിന്ന് 30 ഏക്കർ ഡൊമിനിക് പ്രസന്റേഷന് സംസ്ഥാന കായികമന്ത്രിയായിരുന്നപ്പോൾ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിന് കൈമാറിയിരുന്നു. ശേഷിക്കുന്ന 284 ഏക്കറിൽ 70 ഏക്കറോളം ഫൂട്വെയർ പാർക്കിനായും കൈമാറി. ബാക്കിയുള്ള ഭൂമിയാണ് എയിംസിനായി കണ്ടുവെച്ചത്. സ്വകാര്യവ്യക്തികളിൽനിന്ന് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. എം.കെ. രാഘവൻ എം.പിയാണ് ആദ്യമായി എയിംസിനുവേണ്ടി ലോക്സഭയിലും കേന്ദ്രമന്ത്രിമാരുടെ ഓഫിസിലും എയിംസിനായി നിരന്തരം ആവശ്യമുന്നയിച്ചത്. ബാലുശ്ശേരി എം.എൽ.എയായി കെ.എം. സചിൻ ദേവ് എത്തിയശേഷം സംസ്ഥാന സർക്കാറിന്റെ സർവേ നടപടികൾക്കടക്കം വേഗം വർധിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നിവേദനവും സമർപ്പിച്ചിരുന്നു. നഗരത്തിൽനിന്ന് 31 കിലോമീറ്ററും നിർദിഷ്ട മലയോര ഹൈവേയിൽനിന്ന് എട്ടര കിലോമീറ്ററുമാണ് കിനാലൂരിലേക്കുള്ളത്. ജപ്പാൻ കുടിവെള്ള പദ്ധതിയുള്ളതിനാൽ ആവശ്യത്തിന് വെള്ളവും ലഭിക്കും. കെ.എസ്.ഇ.ബിയുടെ സബ്സ്റ്റേഷനുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.