മുക്കം: മുക്കം ഗവ.ആശുപത്രിയുടെ വികസനം ലക്ഷ്യമിട്ട് നിർമിതിക്കായി വിദഗ്ധരുടെ നേതൃത്വത്തിൽ പദ്ധതി രൂപരേഖ തയാറായി.നഗരസഭ കൗൺസിൽ നിർദേശപ്രകാരം എൻ.ഐ.ടി യിലെ ആർക്കിടെക്ചർ ആൻഡ് പ്ലാനിങ് വിഭാഗത്തിലെ ഡോ. ചിത്രയുടെ നേതൃത്വത്തിൽ ഡോ.പി.കെ . അമൃത, ഡോ. ദീപ്തി ബേന്ദി, ഡോ. സനൽകുമാർ എന്നിവരടങ്ങിയ സംഘമാണ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്. മുക്കം സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നിശ്ചിത മാതൃകയിലുള്ള വികസനം യാഥാർഥ്യമാകുന്നതിലൂടെ സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, പ്രതിരോധ കുത്തിവെപ്പ്, പോഷകാഹാരം, തുടങ്ങിയ മേഖലയിൽ സമഗ്ര ആരോഗ്യ സംരക്ഷണമാണ് ലക്ഷ്യമിടുന്നത്. ഒ.പി, ഓപറേഷൻ തിയറ്ററുകൾ, തീവ്രപരിചരണ വിഭാഗം , എന്നിവയും, ലേബർ റൂം കോംപ്ലക്സ് ,ഗൈനക്കോളജി വാർഡ് ,നിയോ നാറ്റൽ കെയർ വാർഡുകളും മാസ്റ്റർ പ്ലാനിൽ ഉൾപ്പെടും. പുതിയ കെട്ടിടത്തിൽ ലബോറട്ടറികൾ ,എക്സ് റേ, യു. എസ് .ജി, സി.ടി തുടങ്ങിയ അവശ്യ രോഗ നിർണയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പ്രാരംഭത്തിൽ 100 പേരെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും. ഇത് 200 വരെ വർധിപ്പിക്കാനാകും. വൃക്കരോഗികൾക്കു ഡയാലിസിസ് നൽകുന്നതിനുള്ള ആധുനിക സൗകര്യങ്ങളും എമർജൻസി ഓപറേഷൻ തിയറ്ററും സർവസജ്ജമായ അടിയന്തര ചികിത്സ സൗകര്യങ്ങളും ഉണ്ടാകും. രോഗികൾക്ക് കാത്തിരിക്കാനുള്ള വിപുലമായ ഇരിപ്പിട സൗകര്യവും ,ആശുപത്രിയിലെത്തുന്നവരുടെ വാഹനം പാർക്കു ചെയ്യാനുള്ള അതിവിശാലമായ സൗകര്യവും ഉണ്ടാകും. പണിപൂർത്തിയാകുന്നതോടെ ആശുപത്രിയിലേക്കാവശ്യമായ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള സൗരോർജ പ്ളാന്റും സജ്ജമാക്കുന്നതാണ്. അടുത്ത കൗൺസിൽ യോഗത്തിൽ മാസ്റ്റർ പ്ലാൻ അംഗീകരിച്ചതിന് ശേഷം സംസ്ഥാന ഗവൺമെന്‍റിന് സമർപ്പിക്കും. എൻ.ഐ.ടി യിൽ നടന്ന ചടങ്ങിൽ ഡയറക്ടർ പ്രസാദ് കൃഷ്ണയിൽ നിന്ന് നഗരസഭ ചെയർമാൻ പി.ടി. ബാബു മാസ്റ്റർ പ്ലാൻ ഏറ്റുവാങ്ങി. ലിന്‍റോ ജോസഫ് എം.എൽ.എ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. കുഞ്ഞൻ, മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുഹമ്മദ്അബ്ദുൽ മജീദ്, മെഡിക്കൽ ഓഫിസർ ഡോ.എം. മോഹനൻ, ഡോ. നൗഷാദ്, പ്രഫ. മധുസൂദനൻ പിള്ള, എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.