കുറ്റിക്കാട്ടൂര്‍ ജങ്ഷന്‍ ഗതാഗതക്കുരുക്ക്: പരിഹാര നടപടി ആരംഭിച്ചു

കുറ്റിക്കാട്ടൂർ: മെഡിക്കല്‍ കോളജ് -മാവൂര്‍ റോഡില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന കുറ്റിക്കാട്ടൂര്‍ ജങ്ഷനില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പദ്ധതിയുടെ പ്രാഥമിക നടപടിക്ക് തുടക്കമായി. പി.ടി.എ. റഹീം എം.എല്‍.എയുടെ സാന്നിധ്യത്തില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദ പദ്ധതി തയാറാക്കുന്നതിന് സ്ഥലം സന്ദര്‍ശിച്ചു. കുറ്റിക്കാട്ടൂര്‍ ടൗണില്‍ പ്രാഥമിക ക്രമീകരണങ്ങള്‍ വരുത്തുന്നതിന് ഈ വര്‍ഷത്തെ ബജറ്റില്‍ ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രവൃത്തിയുടെ ഭാഗമായി ഇന്‍റര്‍ലോക്ക് സ്ഥാപിക്കല്‍, ബസ് ബേ നിർമിക്കല്‍, ഗതാഗത നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തല്‍ തുടങ്ങിയവക്കാണ് പദ്ധതി തയാറാക്കിയത്. സി.ഡബ്ല്യു.ആര്‍.ഡി.എം വരട്ട്യാക്കില്‍ റോഡ് തുറന്നുകൊടുത്തതോടെ കുന്ദമംഗലം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിച്ചതിന് സമാനമായി കുറ്റിക്കാട്ടൂര്‍ ജങ്ഷനിലും ഗതാഗതം തിരിച്ചുവിട്ട് ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരം കാണുന്ന രീതിയിലുള്ള പദ്ധതിയാണ് വിഭാവനം ചെയ്തത്. പെരിങ്ങൊളം അങ്ങാടിയിലെ ഡ്രെയ്നേജ് നിർമാണം, മരം മുറിക്കല്‍ തുടങ്ങിയവ പൂർത്തിയാക്കുന്നതില്‍ ചില പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിൽ അവ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. കുറ്റിക്കാട്ടൂര്‍ ടൗണിൽ ബൈപാസ് നിർമിക്കുന്നതോടെ ടൗണില്‍ പ്രവേശിക്കാതെ വാഹനങ്ങള്‍ക്ക് മെഡിക്കല്‍ കോളജ് ഭാഗത്തേക്കും കോഴിക്കോട് നഗരത്തിലേക്കും പ്രവേശിക്കാന്‍ സാധിക്കുന്ന രീതിയിലാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സി. എൻജിനീയര്‍ എന്‍. ശ്രീജയന്‍, അസി. എൻജിനീയര്‍ വി.പി. വിജയകൃഷ്ണന്‍, ഓവര്‍സിയര്‍ എം. ജയകുമാര്‍, എം.കെ. മാമുക്കോയ, കെ. മോഹനന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.